റിയാദ്/സൻആ∙ ഗൾഫ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടവും മരണങ്ങളും റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ അസീറിലുണ്ടായ വെള്ളപ്പൊക്കത്തിൽ ജീപ്പ് ഒഴുക്കിൽപ്പെട്ട് ഡ്രൈവർ മുങ്ങിമരിച്ചപ്പോൾ, അയൽരാജ്യമായ യെമനിൽ ഇടിമിന്നലിൽ നാല് സ്ത്രീകളടക്കം ഏഴുപേർ മരിച്ചു.
∙ അസീറിൽ മലവെള്ളപ്പാച്ചിലിൽ ജീപ്പ് ഒലിച്ചുപോയി അസീർ പ്രവിശ്യയിലെ വാദി കഹ്ലയിൽ മലവെള്ളപ്പാച്ചിലിനിടെ താഴ്വര മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട വാഹനം ക്രമേണ വെള്ളത്തിൽ താഴ്ന്നുപോകുകയായിരുന്നു. വിൻഡോയിലൂടെ പുറത്തുകടന്ന് രക്ഷപ്പെടാൻ ഡ്രൈവർ അവസാനനിമിഷം വരെ ശ്രമിച്ചെങ്കിലും അതിശക്തമായ കുത്തൊഴുക്ക് കാരണം സമീപത്തുണ്ടായിരുന്നവർക്ക് രക്ഷപ്പെടുത്താനായില്ല. ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ദൃക്സാക്ഷികൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
∙ യെമനിൽ മിന്നലേറ്റ് കവർന്നത് ഏഴു ജീവനുകൾ വടക്കൻ യെമനിലെ അംറാൻ ഗവർണറേറ്റിലെ അമദ് ഗ്രാമത്തിൽ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ നാല് സ്ത്രീകൾ തൽക്ഷണം മരിച്ചു. ഹൂത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട സോഷ്യൽ സൂപ്പർവൈസർ ഒരുക്കിയ വനിതാ പരിപാടിയിൽ പങ്കെടുക്കാൻ വീട്ടിൽ ഒത്തുകൂടിയവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ, അൽഹുദൈദ ഗവർണറേറ്റിലെ ജബൽ റാസ് ജില്ലയിൽ വീട്ടിൽ ഇടിമിന്നലേറ്റ് ദമ്പതികളും മകളും ദാരുണമായി കൊല്ലപ്പെട്ടു.
∙ മുൻകരുതൽ നിർദേശവുമായി സിവിൽ ഡിഫൻസ് മഴക്കാലത്ത് യെമനിൽ വെള്ളപ്പൊക്കത്തിലും മിന്നലേറ്റും വൻ ജീവഹാനിയാണ് ഉണ്ടാകാറുള്ളത്. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് ഇത്തരം അപകടങ്ങളിൽ 104 പേർ മരിച്ചെന്നാണ് കണക്കുകൾ.
