പത്തനംതിട്ട: പ്രളയഭീഷണി തുടരുന്ന ആറന്മുള, റാന്നി മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ എത്തിച്ചു. 2018-ലെ മഹാപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായക പങ്കുവഹിച്ച മത്സ്യത്തൊഴിലാളികള്‍ വീണ്ടും ദുരിതബാധിതരുടെ രക്ഷയ്ക്കായി സന്നദ്ധരായി രംഗത്തിറങ്ങിയിരിക്കുകയാണ്.
കൊല്ലം, കായംകുളം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലെത്തുന്നത്. മന്ത്രി പി.സി. വിഷ്ണുനാഥ് കൊല്ലത്തെ ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് അധിക ബോട്ടുകള്‍ എത്തിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്.
മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ റാന്നി മേഖലയിലും വെള്ളപ്പൊക്ക സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ശബരിമല സ്വാമി അയ്യപ്പന് റോഡില്‍ മരങ്ങള്‍ കടപുഴകി വീണതും ഗതാഗതത്തെ ബാധിച്ചു.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോഴഞ്ചേരി റസ്റ്റ് ഹൗസില്‍ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. എന്‍ഡിആര്‍എഫ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേന, മത്സ്യത്തൊഴിലാളികളുടെ സംഘം എന്നിവ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
