Wednesday, August 5, 2026

റെജൈന പള്ളിയിൽ വെള്ളിയാഴ്ച അദാൻ ലൗഡ്‌സ്പീക്കറിലൂടെ നടത്താൻ വീണ്ടും അനുമതി ലഭിച്ചതായി റിപ്പോർട്ട്

റെജൈന: സസ്കാച്വാനിലെ റെജൈന നഗരമധ്യത്തിലുള്ള റെജൈന സിറ്റി ജാമിഅ മസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള അദാൻ (പ്രാർത്ഥനാ വിളി) ലൗഡ്‌സ്പീക്കറിലൂടെ പുറത്തേക്ക് പ്രക്ഷേപണം ചെയ്യാൻ വീണ്ടും അനുമതി ലഭിച്ചതായി റിപ്പോർട്ട്.
ജൂൺ 19-നാണ് പള്ളിയിൽ നിന്ന് ആദ്യമായി ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള അദാൻ ലൗഡ്‌സ്പീക്കറിലൂടെ പ്രക്ഷേപണം ചെയ്തത്. നഗരത്തിലെ നോയ്സ് അബെയ്റ്റ്‌മെന്റ് ബൈലോ (Noise Abatement Bylaw) പ്രകാരമുള്ള അനുമതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടി.

ആദ്യ പ്രക്ഷേപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു. ചില ഭീഷണി സന്ദേശങ്ങളും ലഭിച്ചതിനെ തുടർന്ന് ജൂൺ 26-ന് ലൗഡ്‌സ്പീക്കർ ഉപയോഗിച്ചുള്ള അദാൻ താൽക്കാലികമായി നിർത്തിവെച്ചതായി പള്ളി അധികൃതർ അറിയിച്ചു.

മുസ്‌ലിം സമൂഹത്തിനെതിരായതായി തോന്നുന്ന ഭീഷണികൾ അന്വേഷിക്കുമെന്ന് റെജൈന പൊലീസ് സർവീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പള്ളിയുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിലൂടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ അദാൻ പ്രക്ഷേപണം ചെയ്യുന്നത്. ഏകദേശം മൂന്ന് മിനിറ്റ് നീളുന്ന പ്രാർത്ഥനാ വിളി മതപരമായ ആചാരത്തിന്റെ ഭാഗമാണെന്ന് പള്ളി ഡയറക്ടർ എം. അനിസൂർ റഹ്മാൻ പറഞ്ഞു.

റെജൈനയുടെ ബഹുസാംസ്കാരിക സ്വഭാവത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്നും, നഗര നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ലൗഡ്‌സ്പീക്കർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദനിയന്ത്രണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ സാഹചര്യം നിരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!