ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ രംഗത്തെത്തി. കുട്ടനാട്ടിലെ യഥാർഥ സ്ഥിതിഗതികൾ അറിയിക്കാൻ രാവിലെ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇരുവരും പ്രതികരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയസമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ച് കൊണ്ടുനടക്കാൻ കഴിയില്ലെന്നും ദുരിതബാധിതർക്കായി ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും താൻ ചെയ്യുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. കുട്ടനാട്ടിൽ ഒരു തുള്ളി വെള്ളം പോലും ഇറങ്ങിയിട്ടില്ലെന്നും ജലനിരപ്പ് ഇപ്പോഴും ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ മലനിരകളിൽ നിന്നെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
കർഷകരാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നതെന്നും പാടശേഖരങ്ങളിലേക്ക് വെള്ളം കയറാതിരിക്കാൻ മണ്ണ് ചാക്കുകൾ കെട്ടി രാവും പകലും പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് മണ്ണ് ലഭിക്കാത്തതിനാൽ തോട്ടപ്പള്ളിക്ക് പകരം ചവറ കെ.എം.ആറിൽ നിന്നാണ് മണ്ണ് എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോട്ടപ്പള്ളി സ്പിൽവേ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കണമെന്ന് ജില്ലാ കളക്ടറോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെളി നീക്കം ചെയ്യാത്തതും തോടുകളും കനാലുകളും വർഷങ്ങളായി വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.

കുട്ടനാട്ടിലെ തോടുകൾക്ക് വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി നഷ്ടമായെന്നും 30 വർഷത്തിലേറെയായി പായലും എക്കലും നീക്കം ചെയ്തിട്ടില്ലെന്നും റെജി ചെറിയാൻ പറഞ്ഞു. ഇതുമൂലം രക്ഷാപ്രവർത്തനങ്ങൾക്കുപോലും വള്ളങ്ങൾ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
880 കോടി രൂപ ചെലവഴിച്ച എ.സി. റോഡ് നിർമ്മാണ പദ്ധതിയിലും ഗുരുതര വീഴ്ചകളുണ്ടായതായി ആരോപിച്ച എംഎൽഎ, പദ്ധതിയിൽ അന്വേഷണം നടത്തണമെന്നും അല്ലെങ്കിൽ ജനപ്രതിനിധിയെന്ന നിലയിൽ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, മടവീഴ്ചയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് വർധിച്ചിരിക്കുകയാണ്. ചമ്പക്കുളം ഉൾപ്പെടെയുള്ള ചില ദുരിതാശ്വാസ ക്യാമ്പുകളിലേക്കും വെള്ളം കയറിയതോടെ ക്യാമ്പിലുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായതായി അദ്ദേഹം പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ ശുചിമുറികൾ വെള്ളത്തിനടിയിലായതോടെ ശുചിത്വ പ്രശ്നങ്ങളും രൂക്ഷമായിട്ടുണ്ട്.
ഇതിനിടെ ആലപ്പുഴ പുറക്കാട് കടൽക്ഷോഭത്തിൽ പുറക്കാട് സ്വദേശി അനീഷ് രാജേന്ദ്രന്റെ വീട് ഭാഗികമായി തകർന്നു. പ്രദേശത്തെ ഏഴോളം വീടുകളിൽ കടലേറ്റം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പത്തനംതിട്ടയിലെ ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ കടകളും ഹോട്ടലുകളും വീണ്ടും തുറന്നു. ബസ് സർവീസുകളും പുനരാരംഭിച്ചതോടെ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും കുട്ടനാട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
