Wednesday, August 5, 2026

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ; വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ ധനസഹായമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം സഹായം നൽകും. ഈ സഹായത്തിന് അർഹരാകാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകൾ പൂർണമായി തകർന്നവർക്ക് ആറു ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും നൽകും.

വെള്ളം കയറിയതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങി താമസിക്കാൻ കഴിയാത്തവർക്ക് വാടക സഹായം നൽകും. വീടുകളിൽ വെള്ളം കയറി ദുരിതം അനുഭവിച്ചവർക്ക് ദിവസം 300 രൂപ വീതവും കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ വ്യാപാരികൾക്ക് പതിനായിരം രൂപ വീതവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തീരപ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കുമെന്നും കൂടുതൽ ജിയോ ബാഗുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുനർഗേഹം പദ്ധതി പുതുക്കുകയും അതിനായി കൂടുതൽ തുക അനുവദിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡാം മാനേജ്മെന്റിൽ ആധുനിക സംവിധാനങ്ങൾ കൊണ്ടുവരുമെന്നും കാലാവസ്ഥ പ്രവചനത്തിനായി പുതിയ സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ റവന്യൂ, ജലവിഭവ വകുപ്പുകൾക്ക് നിർദേശം നൽകിയതായും മഴ മാറിയാൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ 26 പേർ മരിച്ചതായും നാല് പേരെ കാണാതായതായും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ 452 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക കണക്കനുസരിച്ച് 67.44 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 1882 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 23,537 കർഷകരെ കൃഷിനാശം ബാധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് സർക്കാർ ആദരം അർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്നും പൂർത്തിയാകാത്ത വീട് സർക്കാർ പൂർത്തിയാക്കി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!