Wednesday, August 5, 2026

ഗോര്‍ഡി ഹൗ പാലത്തിലെ കാല്‍നട-സൈക്കിള്‍ പാത തുറന്നു; വന്‍ ജനത്തിരക്കിന് സാധ്യത

ഓട്ടവ: കാനഡയിലെ വിന്‍ഡ്സര്‍-എസെക്‌സിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലത്തിലെ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമായുളള പാത ബുധനാഴ്ച ഔദ്യോഗികമായി തുറന്നു. ഉദ്ഘാടന ദിവസങ്ങളിലും ആദ്യ വാരാന്ത്യത്തിലും വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പ്രവേശനം മുന്‍ഗണനാടിസ്ഥാനത്തിലായിരിക്കും ക്രമീകരിക്കുക. രാവിലെ 8 മണിക്ക് മുന്‍പ് ആരെയും പ്രവേശിപ്പിക്കില്ലെന്നും റോഡുകളില്‍ തടിച്ചുകൂടരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാലത്തിലെ ഈ പ്രത്യേക പാതയ്ക്ക് 2.5 കിലോമീറ്റര്‍ നീളമുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളിലെയും ബോര്‍ഡര്‍ പരിശോധനാ ബൂത്തുകള്‍ തമ്മിലുള്ള ആകെ യാത്രാദൂരം ഒരു വശത്തേക്ക് ഏകദേശം 3 കിലോമീറ്ററാണ്. സാധാരണ അതിര്‍ത്തി പരിശോധനകള്‍ക്ക് എടുക്കുന്ന സമയത്തിന് പുറമെ, സൈക്കിളില്‍ ഏകദേശം 20 മിനിറ്റും നടന്ന് 45 മിനിറ്റും കൊണ്ട് ഈ ദൂരം പിന്നിടാനാകും. ഡെട്രോയിറ്റ് നദിക്ക് മുകളിലായി 46 മീറ്റര്‍ ഉയരത്തിലാണ് പാത സ്ഥിതി ചെയ്യുന്നത്. ചില ഭാഗങ്ങളില്‍ 5 ശതമാനം വരെ കയറ്റമുള്ളതിനാല്‍ വേഗപരിധി മണിക്കൂറില്‍ 20 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്.

കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വേഗത കുറച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. സുഗമമായ തുടക്കം ഉറപ്പാക്കുന്നതിനായി ആദ്യ ഏതാനും ആഴ്ചകളില്‍ പെഡല്‍-അസിസ്റ്റ് ഇലക്ട്രിക് ബൈക്കുകള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഈ പാത ഉപയോഗിച്ച് അതിര്‍ത്തി കടക്കുന്നവര്‍ കാനഡയിലേക്കും യു.എസിലേക്കും പ്രവേശിക്കുന്നതിനും തിരിച്ചുവരുന്നതിനും ആവശ്യമായ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഔദ്യോഗിക യാത്രാരേഖകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം.

പ്രവേശന കവാടങ്ങളില്‍ പ്രത്യേക പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ വിന്‍ഡ്സറില്‍ മോള്‍ഡന്‍ പാര്‍ക്കിലും ഡെട്രോയിറ്റില്‍ ക്ലാര്ക് പാര്‍ക്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ആദ്യ ദിവസങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രകള്‍ വേനല്‍ക്കാലത്തിന്റെ അവസാനത്തേക്കോ ശരത്കാലത്തേക്കോ മാറ്റിവെക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയായിരിക്കും ഈ പാത പ്രവർത്തിക്കുക. എന്നാൽ യാത്രക്കാർക്ക് പാതയിലേക്കുള്ള അവസാന പ്രവേശനം വൈകുന്നേരം 7 മണിക്ക് അവസാനിപ്പിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!