ടൊറന്റോ: ടൊറന്റോ നഗരത്തിലുടനീളം പതിനെട്ടിലധികം ഭവന പദ്ധതികള്‍ക്കായി 2.7 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. ടൊറന്റോയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ വാടക വീടുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കനേഡിയന്‍ സര്‍ക്കാരും ടൊറന്റോ നഗരസഭയും ചേര്‍ന്നുള്ള ഈ കൂട്ടായ്മയിലൂടെ 5,600 വാടക വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 1,800 എണ്ണം വളരെ കുറഞ്ഞ ചെലവിലുള്ളതും (deeply affordable), സര്‍ക്കാരിന്റെ പിന്തുണയുള്ളതും, വാടക നിയന്ത്രണമുള്ളതുമായ (rent-controlled) വീടുകളായിരിക്കും. പദ്ധതിയുടെ 80 ശതമാനത്തോളം വരുന്ന 4,500 വീടുകളുടെ നിര്‍മ്മാണം ഈ വര്‍ഷാവസാനത്തോടെ തന്നെ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാര്ക്ക്ഡെയ്ലിലെ 16 നില കെട്ടിട സമുച്ചയവും സ്കാര്‍ബറോയിലെ 158 ബറോ ഡ്രൈവിലുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.

പദ്ധതി ആയിരക്കണക്കിന് ആളുകള്‍ക്ക് പാര്‍പ്പിട സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ടൊറന്റോ മേയര്‍ ഒലിവിയ ചൗ പറഞ്ഞു. ‘ഇവിടെ ജോലി ചെയ്യുന്ന ഏതൊരാള്‍ക്കും ഇവിടെ ജീവിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകണം,’ മേയര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതികള്‍ രണ്ട് പ്രധാന വിഭാഗങ്ങളായാണ് നടപ്പിലാക്കുകയെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു: നോണ്‍-മാര്‍ക്കറ്റ് & ലാഭേച്ഛയില്ലാത്ത പദ്ധതികള്‍: ‘ബില്‍ഡ് കാനഡ ഹോംസ്’ എന്ന ഫെഡറല്‍ ഏജന്‍സി വഴി 310 മില്യണ്‍ ഡോളറിലധികം സാമ്പത്തിക സഹായം നല്‍കും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ 9 പദ്ധതികളിലൂടെ 1,900 വീടുകള്‍ നിര്‍മ്മിക്കും. ടൊറന്റോ നഗരസഭ 530 മില്യണ്‍ ഡോളറിന്റെ പിന്തുണയും 99 വര്‍ഷത്തെ നികുതി ഇളവുകളും ഇതിനായി വാഗ്ദാനം ചെയ്തിട്ടുണ്ട്.മാര്‍ക്കറ്റ് റേറ്റ് പദ്ധതികള്‍: സ്വകാര്യ മേഖല നിര്‍മ്മിക്കുന്ന 9 പദ്ധതികള്‍ക്കായി 1.8 ബില്യണ്‍ ഡോളറിലധികം കുറഞ്ഞ പലിശയിലുള്ള വായ്പ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കും. ഇതിലൂടെ 3,700 പുതിയ വീടുകള്‍ യാഥാര്‍ത്ഥ്യമാകും.
ധനസഹായത്തിന്റെ അഭാവം മൂലം വര്‍ഷങ്ങളായി മുടങ്ങിപ്പോയ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ജീവന് വയ്ക്കുന്നതെന്ന് കാര്‍ണി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ നിര്‍മ്മിക്കുന്ന പദ്ധതികളും, തദ്ദേശീയര്‍ക്കായുള്ള (Indigenous-led) ഭവന പദ്ധതികളും ഇതിലുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പഴയ പദ്ധതികളുടെ പുനരവതരണം മാത്രമാണെന്ന് പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് എം.പി സ്കോട്ട് എയ്ച്ചിസണ്‍ വിമര്‍ശിച്ചു.
