Thursday, August 6, 2026

എല്‍ നിനോ 2027 -ല്‍ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനവും പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങളും ലോകമെമ്പാടുമുള്ള 45 രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അതിരൂക്ഷമാക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (WFP) ‘ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രിഷന്‍ അനാലിസിസ് സര്‍വീസ്’ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ലോകം നേരിടാന്‍ പോകുന്ന വലിയൊരു പട്ടിണി ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രം 4.9 കോടിയോളം മനുഷ്യര്‍ കൊടും പട്ടിണിയിലാകുമെന്നും, സ്ഥിതിഗതികള്‍ തരണം ചെയ്യാന്‍ ഉടന്‍തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭാ ഏജന്‍സി ആവശ്യപ്പെടുന്നു.

പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലുണ്ടാകുന്ന വര്‍ധന മൂലമുണ്ടാകുന്ന ‘എല്‍ നിനോ’ പ്രതിഭാസവും പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമാണ് വരാനിരിക്കുന്ന ഭക്ഷ്യദൗര്‍ലഭ്യത്തിന് പ്രധാന കാരണങ്ങളായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. 2026 സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ എല്‍ നിനോ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. 1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ എല്‍ നിനോയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കാലവര്‍ഷം വൈകല്‍, അതികഠിനമായ വരള്‍ച്ച, ക്രമരഹിതമായ മഴ, പ്രാദേശിക വെള്ളപ്പൊക്കം എന്നിവ കാര്‍ഷിക ഉല്‍പ്പാദനത്തെയും വിളവെടുപ്പിനെയും ഗുരുതരമായി ബാധിക്കുന്നതിനാല്‍ 2027 ഓടെയായിരിക്കും ഇതിന്റെ ദുരിത ഫലങ്ങള്‍ രൂക്ഷമാകുക.

നിലവില്‍ പ്രതിസന്ധി അനുഭവിക്കുന്ന 45 രാജ്യങ്ങളിലായി കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 22.5 കോടിയില്‍ നിന്ന് 27.4 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നവരുടെ എണ്ണത്തില്‍ മധ്യ അമേരിക്കയില്‍ 83 ശതമാനവും തെക്കന്‍ ആഫ്രിക്കയില്‍ 75 ശതമാനത്തോളവും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയായിരിക്കും ഈ ഭക്ഷ്യദൗര്‍ലഭ്യം ഏറ്റവും കൂടുതല്‍ ബാധിക്കുക.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിളനാശവും ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കും. ഇതിനു പുറമെ, അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഐക്യരാഷ്ട്രസഭയ്ക്ക് ലഭിക്കേണ്ട ധനസഹായത്തില്‍ വന്നിട്ടുള്ള വെട്ടിക്കുറവ് വരും വര്‍ഷങ്ങളില്‍ പട്ടിണി വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഭക്ഷ്യസുരക്ഷാ പദ്ധതികളെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!