ടൊറന്റോ: ടൊറന്റോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെ കഴിഞ്ഞ ആഴ്ചയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ടൊറന്റോ പൊലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് ചീഫ് മൈറോണ്‍ ഡെംകിവ്, ചീഫ് സൂപ്രണ്ട് ജോ മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് കേസിന്റെ അന്വേഷണ പുരോഗതിയും കൂടുതല്‍ വിവരങ്ങളും വിശദീകരിച്ചു.

ഈ വര്‍ഷം ടൊറന്റോ യൂണിവേഴ്‌സിറ്റി അവന്യൂവിലെ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. പുലര്‍ച്ചെ 4:45-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തെ മാര്‍ച്ച് 10-നും സമാനമായ രീതിയില്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം നാല് മാസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും കെട്ടിടത്തിന് നേരെ വെടിവെപ്പുണ്ടാകുന്നത്.
