ബാങ്കിങ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം: നഷ്ടത്തില്‍ ക്ലോസ് ചെയ്ത് ഇന്ത്യന്‍ ഓഹരി സൂചികകള്‍ സാമ്പത്തിക മേഖലയിലെ ഓഹരികളില്‍ നേരിട്ട കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 437.36 പോയിന്റ് ഇടിഞ്ഞ് 78,517.40 ലും എന്‍എസ്ഇ നിഫ്റ്റി 68.25 പോയിന്റ് താഴ്ന്ന് 24,567.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കന്‍ കാര്‍ഷികേതര പേയ്റോള്‍ ഡാറ്റ പുറത്തുവരാനിരിക്കുന്നതും ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും നിക്ഷേപകരില്‍ ജാഗ്രത സൃഷ്ടിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. പ്രധാന ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളായ ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക് എന്നിവ വന്‍ തിരിച്ചടി നേരിട്ടു.അതേസമയം, ബാങ്കിംഗ് മേഖലയിലെ തിരിച്ചടിക്കിടയിലും ഐടി, ഓട്ടോമൊബൈല്‍ മേഖലകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഐടി മേഖലയില്‍ 2.3 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ടിസിഎസ് ആണ് സെന്‍സെക്‌സില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. ഇതിന് പുറമെ എം ആന്‍ഡ് എം, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ടെക്, എച്ച് യു എല്‍, എസ്ബിഐ എന്നീ ഓഹരികളും പോസിറ്റീവ് ട്രെന്‍ഡില്‍ വ്യാപാരം അവസാനിപ്പിച്ചു.

ലാര്‍ജ് ക്യാപ് ഓഹരികള്‍ തകര്‍ച്ച നേരിട്ടപ്പോഴും മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഉള്‍പ്പെടുന്ന വിശാലമായ വിപണി മികച്ച പ്രതിരോധശേഷി പ്രകടിപ്പിച്ചു.മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 83 ഡോളറിന് മുകളിലെത്തിയതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് തീരുമാനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് ആഗോള വിപണികളെ പ്രധാനമായും ബാധിച്ചത്. വിപണി നിലവില്‍ ഏകീകരണ ഘട്ടത്തിലൂടെയാണ് (Consolidation) കടന്നുപോകുന്നതെന്നും വരും ദിവസങ്ങളില്‍ ഉയര്‍ന്ന തലത്തിലേക്ക് മുന്നേറാന്‍ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
