Tuesday, August 11, 2026

ഇറാൻ ഭീഷണി: ‘എയർഫോഴ്സ് വൺ’ ഒഴിവാക്കി ട്രംപിന്റെ രഹസ്യ വിമാനയാത്ര

വാഷിങ്ടൺ: ഇറാന്റെ വധഭീഷണിയെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തുർക്കിയിൽ നിന്ന് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ജൂലൈയിൽ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം നടന്ന അതീവ രഹസ്യ നീക്കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ട്രംപ് പഴയ ‘എയർ ഫോഴ്സ് വൺ’ വിമാനത്തിൽ യാത്ര ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിച്ച ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് കാറ്ററിങ് ട്രക്കിലൂടെ പുറത്തിറക്കി ചെറിയ സൈനിക വിമാനമായ സി-32എയിലേക്ക് മാറ്റിയത്. ട്രംപിന്റെ യഥാർഥ യാത്രാ വിമാനം തിരിച്ചറിയുന്നത് തടയുന്നതിനുള്ള ‘ഡീകോയ്’ ഓപ്പറേഷന്റെ ഭാഗമായിരുന്നു നീക്കമെന്നാണ് റിപ്പോർട്ട്.

നാറ്റോ ഉച്ചകോടിക്കായി ട്രംപ് ഖത്തർ സമ്മാനിച്ച പുതിയ ബോയിങ് 747-8 വിമാനത്തിലായിരുന്നു തുർക്കിയിലെത്തിയത്. എന്നാൽ മടങ്ങുമ്പോൾ സുരക്ഷാ കാരണങ്ങളാൽ പഴയ എയർ ഫോഴ്സ് വൺ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനത്തിൽ കയറുന്നതായി ട്രംപ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. തുടർന്ന് വിമാനത്തിന്റെ മറുവശത്ത് എത്തിച്ച കാറ്ററിങ് ട്രക്കിന്റെ സഹായത്തോടെ അദ്ദേഹത്തെ സി-32എ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.

ട്രംപിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് വിമാനത്തിന്റെ ജനൽ ഷേഡുകൾ താഴ്ത്തിയിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ട്രംപ് പഴയ എയർ ഫോഴ്സ് വണ്ണിലുണ്ടെന്നാണ് മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസിലെ ചില ജീവനക്കാരും കരുതിയിരുന്നത്. അതേസമയം ട്രംപ് സഞ്ചരിച്ച സി-32എയും ഡീകോയിയായി ഉപയോഗിച്ച എയർ ഫോഴ്സ് വണ്ണും പിന്നീട് ബ്രിട്ടനിലെത്തിയതായാണ് റിപ്പോർട്ട്.

ഇറാനിൽ നിന്നുള്ള ഭീഷണിയാണ് സുരക്ഷാ നടപടികൾ ശക്തമാക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ ട്രംപിനെതിരെ ഇറാനിൽനിന്ന് ഭീഷണികൾ ഉയർന്നിരുന്നു. ട്രംപിനെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇറാൻ ബന്ധമുള്ള വ്യക്തികൾക്കെതിരെ യുഎസ് നേരത്തെ നടപടിയെടുത്തിട്ടുമുണ്ട്.

അങ്കാറയിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെ വിമാനമാറ്റത്തെക്കുറിച്ച് ട്രംപ് വ്യക്തമായ വിശദീകരണം നൽകിയിരുന്നില്ല. എന്നാൽ ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചേക്കാമെന്നും താൻ ഇറാന്റെ ലക്ഷ്യപ്പട്ടികയിൽ ഒന്നാമനാണെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചിരുന്നു.

സംഭവം പുറത്തുവന്നതോടെ പുതിയ ഖത്തർ സമ്മാനിച്ച വിമാനത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. പുതിയ വിമാനത്തിന് പഴയ പ്രസിഡൻഷ്യൽ വിമാനങ്ങളിലേതിന് സമാനമായ ചില അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന ആശങ്ക നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!