ടൊറന്റോ: കാനഡയിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. യുഎസുമായുള്ള വ്യാപാര തർക്കങ്ങളുടെയും താരിഫുകളുടെയും പ്രാരംഭ ആഘാതം കുറഞ്ഞതും സാമ്പത്തിക മേഖലയിൽ സ്ഥിരത തിരിച്ചെത്തിയതുമാണ് തൊഴിലവസരങ്ങൾ വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം ജൂലൈയിൽ 14.6 ശതമാനമായിരുന്ന യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഈ വർഷം ജൂലൈയിൽ 12.6 ശതമാനമായി കുറഞ്ഞു. പഠനത്തോടൊപ്പം വേനലവധിക്കാലത്ത് ജോലി ചെയ്യുന്ന വിദ്യാർഥികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കും 17.5 ശതമാനത്തിൽ നിന്ന് 15.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ബാങ്ക് ഓഫ് കാനഡ പോളിസി നിരക്ക് 2.25 ശതമാനത്തിലേക്ക് താഴ്ത്തിയതോടെ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം കുറഞ്ഞതായാണ് വിലയിരുത്തൽ. ഇതോടെ കമ്പനികൾ കൂടുതൽ ആത്മവിശ്വാസത്തോടെ നിയമനങ്ങൾ ആരംഭിച്ചു. റസ്റ്റോറന്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സമ്മർ ടൂറിസം മേഖലകൾ എന്നിവയിലാണ് യുവാക്കൾക്ക് പ്രധാനമായും കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നത്.

ആഭ്യന്തര യാത്രകൾ വർധിച്ചതും സർവീസ് മേഖലയിലെ വളർച്ചയ്ക്ക് വേഗം കൂട്ടി. അതേസമയം, അന്താരാഷ്ട്ര വിദ്യാർഥികൾക്കും താൽക്കാലിക വിദേശ തൊഴിലാളികൾക്കും നൽകുന്ന പെർമിറ്റുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും എൻട്രി ലെവൽ ജോലികളിൽ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വ്യാപാര മേഖലയിലെ അനിശ്ചിതത്വം കുറഞ്ഞതോടെ ബിസിനസ് രംഗത്ത് ആവശ്യമായ സ്ഥിരത തിരിച്ചെത്തിയെന്നും കമ്പനികൾ യുവാക്കളെ കൂടുതൽ നിയമിക്കാൻ തുടങ്ങിയെന്നും ഇൻഡീഡ് കാനഡ സീനിയർ ഡയറക്ടർ സ്റ്റെപാൻ അർമാൻ പറഞ്ഞു.
കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന പ്രവചനങ്ങൾക്കിടയിലും രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്ക് 3.4 ശതമാനമായി ഉയർന്നതും ഉപഭോക്തൃ ചെലവഴിക്കൽ വർധിച്ചതും വരും മാസങ്ങളിലും തൊഴിൽ വിപണിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
