നോവസ്‌കോഷ: സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും ജനപ്രതിനിധികളെ കൂവുകയും ചെയ്ത സംഭവത്തില്‍ 36 പേര്‍ക്ക് നോവസ്‌കോഷ നിയമസഭയില്‍ (Province House) താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി സ്പീക്കര്‍ ഡാനിയല്‍ ബാര്‍ക്ക്ഹൗസ്. വിലക്ക് സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും.
കഴിഞ്ഞ മാര്‍ച്ചില്‍ തര്‍ക്കവിഷയമായ പ്രവിശ്യാ ബജറ്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, ഗാലറിയിലിരുന്ന പ്രതിഷേധക്കാര്‍ പാട്ട് പാടി സഭാ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയും വോട്ടെടുപ്പ് അടുത്ത ദിവസത്തേക്ക് മാറ്റുകയും ചെയ്തു. പിന്നീട് എം.എല്‍.എമാരെ കൂവുകയും വാഹനങ്ങള്‍ തടയുകയും ചെയ്തതോടെ സഭയിലെ പൊതുജന പ്രവേശനം ഒരു ആഴ്ചത്തേക്ക് സ്പീക്കര്‍ റദ്ദാക്കിയിരുന്നു. സുരക്ഷാ ക്യാമറ ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ വിലക്ക് പ്രഖ്യാപിച്ചത്.

നടപടിയുടെ ഭാഗമായി പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് 3 മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെയാണ് വിലക്ക് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സ്പീക്കറുടെ ഉത്തരവ് വന്നിട്ടും ഗാലറി വിട്ടുപോകാതിരുന്നവര്‍ക്ക് 3 മാസവും, പാട്ടുപാടി സഭ തടസ്സപ്പെടുത്തിയവര്‍ക്ക് 6 മാസവും, എം.എല്‍.എമാരെ അധിക്ഷേപിച്ചവര്‍ക്ക് 1 വര്‍ഷവുമാണ് വിലക്ക്.
ജനാധിപത്യ പ്രക്രിയയും നിയമങ്ങളും നടപ്പിലാക്കാനാണ് ഈ നടപടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ഈ നീക്കമെന്ന് 6 മാസത്തെ വിലക്ക് ലഭിച്ച കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ സോള്‍നിയര്‍ ആരോപിച്ചു. സഭയുടെ പ്രത്യേകാവകാശം (Parliamentary Privilege) ആയതിനാല്‍ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന് നിയമവിദഗ്ദ്ധരും വ്യക്തമാക്കുന്നു.
