Saturday, August 15, 2026

മഹാഓണം ടൊറന്റോയിൽ ഇന്ന്;ലീഡേഴ്സ് പരേഡ് മുതൽ മിസ് കേരളം കാനഡ വരെ;രാവിനഴകേകാൻ ഫ്രാങ്കോയും

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ നഗരം ഓഗസ്റ്റ് 15 ശനിയാഴ്ച കൺതുറക്കുന്നത് വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ ആഘോഷങ്ങളിലൊന്നായി മാറിയ മഹാഓണത്തിലേക്ക്; അതും ഇന്ത്യൻ സ്വാതന്ത്ര്യദിനാത്തിന്റെകൂടി തിളക്കത്തിൽ. ലെവിറ്റേറ്റ് എന്റെർടെയ്ൻമെന്റ് ഒരുക്കുന്ന മഹാഓണത്തിന്റെ മൂന്നാമത് എഡിഷൻ വ്യത്യസ്തമായ പരിപാടികൾക്കൊണ്ടുകൂടി ശ്രദ്ധയാകർഷിക്കും. കലാവിരുന്നുമായി കലാസംഘങ്ങളും വ്യത്യസ്ത രുചികളുമായി റസ്റ്ററന്റ് ശൃംഖലകളും ആഘോഷത്തിന് പൊലിമയേകും.

രാവിലെ 11ന് ആഘോഷത്തിന് കൊടിയേറുന്നത് ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡോടുകൂടിയാണ്. ദേശീയ നേതാക്കളുടെ കുട്ടിരൂപങ്ങളാകും പരേഡിന് പകിട്ടേകുക. ഏറ്റവും മികച്ച വേഷത്തിലെത്തി കാണികളുടെ മനംകവരുന്ന കുട്ടിനേതാവിനെ കാത്തിരിക്കുന്നത് 222 ഡോളർ സമ്മാനമാണ്. രണ്ടാം സ്ഥാനക്കാർക്ക് 111 ഡോളർ ലഭിക്കും. പരേഡിൽ പങ്കെടുക്കുന്നവർക്കെല്ലാം മെഡൽ ലഭിക്കും. വിധി നിർണയത്തിനായി എത്തുന്നവരിൽ കാനഡയിലെ പ്രമുഖരുമുണ്ടാകും.

വാൽക്കണ്ണാടി കൈകൊട്ടുസംഘമാണ് ഓണാഘോഷത്തിന്റെ പ്രഭയിലേക്ക് മഹാഓണത്തെ കൈപിടിച്ചുകൂട്ടിക്കൊണ്ടുപോകുക. പിന്നാലെ ഡി തിയറ്റേഴ്സ്, ദ് കേഡൻസ്, ആദ്യ ഡാൻസ് അക്കാദമി, സാത്വിക, സാന്റാർട്സ് ഡാൻ അക്കാമദി, പ്രിമ ഡാൻസ് സ്കൂൾ, ടീം കനേഡിയൻ ലയൺസ് ഹെവൻ ഇൻ എ ടീസ്പൂൺ, ദ് ഹോപ്പേഴ്സ് സ്ക്വാഡ് കലാസംഘങ്ങളെത്തും.

രണ്ടു മുതൽ നാലു മണിവരെ സ്പാർക്ളിങ് മെർമെയ്ഡ്സ്, ഡാൻസിങ് ദീവാസ്, ദ് ഹൈബ്രിഡ് ലാബ്, നൃത്യപാദം, ദുർഹം ഫ്ളെയിംസ്, റിഥം റോസസ് എന്നിവരാണ് കലാവിരുന്നൊരുക്കുക. തുടർന്ന് കലാധരൻ ട്രെഡിഷനൽ ഡ്രംസ് അക്കാദമിയുടെ പഞ്ചാരി മേളക്കോടെ മഹാഓണാഘോഷം കൊട്ടിക്കയറും. വിവിധ മലയാളി കൂട്ടായ്മകൾ പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്രയ്ക്കൊടുവിൽ പൊതുസമ്മേളനം നടക്കും.

ഫ്ളാഷ് മോബിന് പിന്നാലെ നടക്കുന്ന മിസ് കേരളം കാനഡ പട്ടത്തിനായുള്ള സൗന്ദര്യമൽസരമാണ് മഹാഓണത്തിന്റെ മൂന്നാം സീസണിലെ മറ്റൊരു പ്രത്യേകത. മലയാളി വനിതകൾക്കായി സൗന്ദര്യവും സംസ്കാരവും ആത്മവിശ്വാസവുമെല്ലാം ഒത്തുചേരുന്ന റാംപാണ് സംഘാടകർ ഒരുക്കുന്നത്. വിജയകിരീടമണിയുന്നവരെ കാത്തിരിക്കുന്നത് 501 ഡോളറാണ്. ട്രോഫികളുമുണ്ടാകും.

മുതിർന്നവരുടെ സംഘത്തിനും മഹാഓണത്തിൽ സജീവമാകാൻ അവസരമുണ്ട്. സാസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കുന്നവരിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 666.66, 333.33, 111.11 ഡോളറാണ് സമ്മാനമായി ലഭിക്കുക.

രാവേറെ നീളുന്ന മഹാഓണത്തിനെ പുതുതലമുറ വരവേൽക്കാൻ കാരണമായതിൽ അടിപൊളി കലാപരിപാടികളും ഡിജെയുമെല്ലാമുണ്ട്. ഇക്കുറി ഡിഡിഎ കാനഡ, ഷീ സ്ട്രീറ്റ്, ജോഷ് ഡാൻസ് ക്രൂ, നൃത്യതി പെർഫോമിങ് ആർട്സ്, ലെഗാറ്റോ സ്ട്രിങ്സ്, തംറിക, മുദ്ര ഡാൻസ് സ്റ്റഡിയോ, ജെലോഫ്റ്റ്, ഡാസ്ലേഴ്സ് എന്നിവരും പാട്ടും നൃത്തവും മേളവുമെല്ലാമായെത്തും.

വല്ലാടൻസ് ലൈവാണ് കലാശക്കൊട്ടായി മാറുന്ന ഡിജെ ഒരുക്കുന്നത്. അതിനു മുന്നോടിയായി വൈകിട്ട് എട്ടിന് ഗായകൻ ഫ്രാങ്കോ സൈമണിന്റെ സാന്നിധ്യമാകും മഹാഓണത്തിന്റെ വേദിയെ ഇത്തവണ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. തൊണ്ണൂറുകളുടെ തലമുറ മുതൽ പുതുതലമുറ വരെ മൂളിപ്പാടുന്ന പാട്ടികളുടെ ശേഖരമാണ് ഫ്രാങ്കോയെ കേൾക്കാൻ കാത്തിരിക്കുന്നവർക്ക് ആവേശമേകുന്നത്. ഇവിടെനിന്നുള്ള ഗായകരായ ഹരിതയും അനുവും ഫ്രാങ്കോയ്ക്കൊപ്പം പാടും.

ചെണ്ടമേളവും സംഗീത-നൃത്തകലാപരിപാടികളും ഡിജെയുമെല്ലാമായി വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ‘മഹാഓണം’, ടൊറന്റോ സിറ്റിയുടെ കണക്കുകൾപ്രകാരം കഴിഞ്ഞ രണ്ടു വർഷങ്ങളിലും നഗരം കണ്ട ഏറ്റവും വലിയ പരിപാടികളിലൊന്നായിരുന്നു മഹാഓണം. സാങ്കോഫ സ്ക്വയർ എന്നറിയിപ്പെടുന്ന യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിലെ ഏറ്റവും വലിയ പരിപാടിയുമായിരുന്നു. സിറ്റിയുടെ കൂടെ സഹകരണത്തോടെയാണ് ഇക്കുറിയും മഹാഓണം അരങ്ങേറുക. പന്ത്രണ്ട് മണിക്കൂറോളം നീളുന്ന കലാ-സാംസ്കാരിക പരിപാടികൾക്കു പുറമെ ഒട്ടേറെ ചെണ്ട കലാകാരന്മാർ നിറഞ്ഞ മേളമായിരുന്നു ആദ്യ വർഷത്തെ പ്രധാന ആകർഷണം. കഴിഞ്ഞവർഷം നാട്ടിൽനിന്നും റോബോട്ടിക് കരിവീരനെ എത്തിച്ചതിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്. വിവിധ സംഘടനകൾക്കായി ഒരുക്കിയ സാംസ്കാരിക ഘോഷയാത്രയും പ്രത്യേകതയായി. മഹാകൊമ്പൻ ഇത്തവണ പടിപ്പുരവാതിൽക്കൽതന്നെയുണ്ടാകും, അതിഥികളെ വരവേൽക്കാൻ.

ഇത്തരം ആഘോഷപരിപാടികൾ സംഘടിപ്പിക്കാനായി ഒരുക്കിയിട്ടിരിക്കുന്ന സങ്കോഫ സ്ക്വയറിൽ മെച്ചപ്പെട്ട രീതീയിലാകും ഇക്കുറിയും മഹാഓണത്തിന്റെ വിഭവങ്ങളൊരുക്കുന്നതെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് പറഞ്ഞു. കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും അമേരിക്കൻ അതിർത്തിയിലെ നഗരങ്ങളിൽ നിന്നുമൊക്കെ കലാകാരന്മാരും കാഴ്ചക്കാരുമൊക്കെ എത്തുമെന്ന പ്രതീക്ഷയിലുമാണ്.
മഹാഓണത്തിന് പ്രവേശനം സൗജന്യമാണ്.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മഹാഓണത്തിന്റെ ദൃശ്യ വിരുന്ന് ആസ്വദിക്കാൻ വിവിധ മാധ്യമങ്ങൾ ലൈവ് സംപ്രേഷണം നടത്തുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!