Sunday, August 16, 2026

തോക്ക് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു: ഗാങ് ടാസ്‌ക് ഫോഴ്‌സിന്റെ സഹായം തേടി B.C. മേയര്‍

ബ്രിട്ടിഷ് കൊളംബിയ: നോര്‍ത്ത് ഈസ്റ്റേണ്‍ ബ്രിട്ടിഷ് കൊളംബിയയിലെ ഫോര്‍ട്ട് സെന്റ് ജോണില്‍ പ്രാദേശിക സ്‌കൂളുകള്‍ക്ക് സമീപം തോക്കുപയോഗിച്ചുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മേയര്‍. നഗരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിനായി പ്രവിശ്യാ പൊലീസിന്റെ (B.C. Gang Task Force) കൂടുതല്‍ സഹായം നല്‍കണമെന്ന് മേയര്‍ ലിലിയ ഹാന്‍സെന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാത്രി ഒരു വീടിന് നേരെയുണ്ടായ വെടിവെപ്പാണ് പ്രദേശവാസികളെയും അധികൃതരെയും വീണ്ടും ഭീതിയിലാഴ്ത്തിയത്. ജൂലൈ 22-ന് ആരംഭിച്ച വെടിവെപ്പുകളുടെ പരമ്പരയില്‍ പെട്ട മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇരിക്കെ, പ്രാദേശിക എലിമെന്ററി, മിഡില്‍ സ്‌കൂളുകള്‍ക്ക് തൊട്ടടുത്താണ് ഈ മൂന്ന് വെടിവെപ്പുകളും നടന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കുട്ടികളുടെ സുരക്ഷയെയും ആളുകള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യതയെയും കുറിച്ച് പ്രദേശവാസികളും സ്‌കൂള്‍ അധികൃതരും ഒരുപോലെ ഭയപ്പെടുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്ന് ആര്‍.സി.എം.പി അറിയിച്ചു. തദ്ദേശീയ സീരിയസ് ക്രൈം, സ്ട്രീറ്റ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ ക്രമസമാധാന പാലകരുമായി ചേര്‍ന്ന് പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമിച്ചുവരികയാണ്. കൂടുതല്‍ അക്രമങ്ങള്‍ തടയുന്നതിനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുമായി പ്രവിശ്യാ സര്‍ക്കാരും കോടതികളും പൊലീസിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കണമെന്ന് പ്രദേശവാസികളും മേയറും ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!