തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നേരിട്ടുള്ള സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവര്‍ത്തനങ്ങള്‍ക്ക് ഓഗസ്റ്റ് 18 ചൊവ്വാഴ്ച തുടക്കമാകും. ഇതോടെ ട്രാന്‍ഷിപ്മെന്റ് തുറമുഖം എന്നതില്‍നിന്ന് സമ്പൂര്‍ണ രാജ്യാന്തര ചരക്ക് കവാടമായി വിഴിഞ്ഞം തുറമുഖം മാറും.
ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആദ്യ കയറ്റുമതി കണ്ടെയ്‌നറുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാത മന്ത്രി സര്‍ബാനന്ദ സോണോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഇതിനോടൊപ്പംതന്നെ കേരളത്തിന്റെ സമഗ്ര വ്യവസായ-ലോജിസ്റ്റിക് വികസനം ലക്ഷ്യമിട്ടുള്ള ‘മിഷന്‍ സമുദ്ര’ പദ്ധതിക്കും ഇതേ വേദിയില്‍ തുടക്കമാകും.

400 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയിലൂടെ വിഴിഞ്ഞത്തെ ഒരു വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എട്ട് വ്യവസായ ക്ലസ്റ്ററുകള്‍, മൂന്നു പുതിയ നഗരങ്ങള്‍, കേരളത്തിന്റെ 600 കിലോമീറ്റര്‍ വരുന്ന തീരപ്രദേശം എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ വിഴിഞ്ഞം മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീര്‍ക്കുന്ന ‘സ്മാര്‍ട്ട് സിറ്റി’ എന്ന കാഴ്ചപ്പാടിലാണു മിഷന്‍ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്.
ഇതുവരെ കൊളംബോ, സിംഗപ്പുര്‍, ദുബായ് തുറമുഖങ്ങള്‍ വഴി ചരക്ക് അയച്ചിരുന്ന കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കയറ്റുമറ്റിക്കാര്‍ക്ക് ഇനി മുതല്‍ വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശ വിപണികളിലേക്ക് ചരക്കുകള്‍ അയക്കാനാകും. ഇത് യാത്രാസമയത്തിലും ചെലവിലും വലിയ ലാഭമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ റൂട്ടിലൂടെ യൂറോപ്പിലേക്കുള്ള ചരക്കുകള്‍ 24 ദിവസത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകും. മറ്റു റൂട്ടുകളേക്കാള്‍ 10 ദിവസം വേഗത്തിലാണിത്. പ്രമുഖ ഷിപ്പിങ് ഭീമന്മാരായ എം.എസ്.സി തങ്ങളുടെ പ്രശസ്തമായ ‘ജേഡ് സര്‍വീസില്‍’ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ഷിപ്പിങ് പാതയോട് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ഈ ചരിത്രപരമായ ചുവടുവെപ്പ് കേരളത്തിന്റെ കാര്‍ഷിക, സുഗന്ധവ്യഞ്ജന, കശുവണ്ടി, കൈത്തറി മേഖലകള്‍ക്ക് പുതിയ വിദേശ വിപണികള്‍ തുറന്നുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
