സസ്കച്വാന്‍: സസ്കചാനിലെ മക് ടാവിഷ് തടാക തീരത്ത് രണ്ടുപേരുടെ ജീവനെടുത്തത് ദയാവധത്തിന് ഇരയാക്കിയ കരടി തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈ 15-നാണ് രണ്ടുപേര്‍ ക്രൂരമായ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍മാര്‍ കരടിയെ കണ്ടെത്തുകയും ദയാവധത്തിന് വിധേയമാക്കുകയുമായിരുന്നു. തിങ്കളാഴ്ച പുറത്തുവിട്ട പുതിയ വാര്‍ത്താക്കുറിപ്പിലാണ് പ്രവിശ്യയിലെ കമ്മ്യൂണിറ്റി സേഫ്റ്റി മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.
കരടിയുടെ മൃതദേഹം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി വെസ്റ്റേണ്‍ കോളേജ് ഓഫ് വെറ്ററിനറി മെഡിസിനിലേക്ക് അയച്ചിരുന്നു. അവിടെ വെച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ആക്രമണത്തിന് പിന്നില്‍ ഈ കരടി തന്നെയെന്ന് അന്തിമമായി തെളിഞ്ഞത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇനി കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷം സസ്കച്വാന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കരടി ആക്രമണമാണിത്. കഴിഞ്ഞ മേയ് മാസത്തില്‍ വടക്കുപടിഞ്ഞാറന്‍ ടെറിട്ടറികളുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അത്തബാസ്ക ബേസിനിലെ യുറേനിയം പര്യവേക്ഷണ കേന്ദ്രത്തില്‍ വെച്ച് 27-കാരനായ മലയാളി യുവാവ് കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
