Tuesday, August 18, 2026

നാറ്റോ ആസ്ഥാനത്തെ ചാരവൃത്തി ആരോപണം; കാനഡ സുരക്ഷാ പരിശോധനകൾ ശക്തമാക്കും

ഓട്ടവ: ബെൽജിയത്തിലെ നാറ്റോ സൈനിക ആസ്ഥാനത്ത് ചാരവൃത്തി നടത്തിയെന്നാരോപിച്ച് കനേഡിയൻ യുവതി അറസ്റ്റിലായ സംഭവത്തിൽ സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ സമഗ്രമായി പരിശോധിക്കാൻ കാനഡ. വിഷയം പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാൻ സർക്കാരും പ്രതിപക്ഷവും ധാരണയിലെത്തി.

അടുത്ത മാസം പാർലമെന്റ് സമ്മേളനം ആരംഭിക്കുമ്പോൾ ഹൗസ് ഓഫ് കോമൺസിന്റെ പൊതുസുരക്ഷാ കമ്മിറ്റി വിഷയം മുൻഗണന നൽകി പരിശോധിക്കും. പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി ഉൾപ്പെടെയുള്ളവരെ സാക്ഷികളായി വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കും. തുടർന്ന് സുരക്ഷാ പരിശോധനാ സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ടും ശുപാർശകളും കമ്മിറ്റി പാർലമെന്റിൽ സമർപ്പിക്കും.

ബെൽജിയത്തിലെ മോൺസിലുള്ള നാറ്റോയുടെ സുപ്രീം ഹെഡ്ക്വാർട്ടേഴ്സ് അലൈഡ് പവേഴ്സ് യൂറോപ്പ് (SHAPE) ആസ്ഥാനത്ത് ഇന്റേൺ ആയി പ്രവർത്തിച്ചിരുന്ന കനേഡിയൻ സിസ്റ്റംസ് എൻജിനീയർ ബിവെയ് ഴാങ് ആണ് കേസിൽ അറസ്റ്റിലായത്. ക്ലെയർ ഴാങ്, കാറ്റിന ഴാങ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവർക്കെതിരെ മൂന്നാം രാജ്യത്തിന് വേണ്ടി ചാരവൃത്തി നടത്തിയെന്നും ക്രിമിനൽ സംഘടനയിൽ പങ്കാളിയായെന്നും ആരോപണമുണ്ട്.

നാറ്റോ ആസ്ഥാനത്ത് പ്രവേശനം ലഭിക്കുന്നതിന് കനേഡിയൻ ഏജൻസികളായ ആർ.സി.എം.പി (RCMP), സി.എസ്.ഐ.എസ് (CSIS) എന്നിവയുടെ സുരക്ഷാ ക്ലിയറൻസ് ആവശ്യമാണ്. ഇത്രയും കർശനമായ പരിശോധനകൾക്കുശേഷവും ആരോപണവിധേയയായ വ്യക്തിക്ക് നാറ്റോയിൽ പ്രവേശനം എങ്ങനെ ലഭിച്ചുവെന്നതാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം.

ബിവെയ് ഴാങ് മുമ്പ് കനേഡിയൻ സ്പേസ് ഏജൻസി, സ്റ്റാറ്റിസ്റ്റിക്സ് കാനഡ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലും വേൾഡ് ട്രേഡ് ഓർഗനൈസേഷൻ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.2023-ൽ കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ ജോലിക്ക് രണ്ട് വ്യത്യസ്ത പേരുകളിൽ അപേക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇവർ നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഹർജി 2024-ൽ ഫെഡറൽ കോടതി തള്ളുകയായിരുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും പൊതുസുരക്ഷാ മന്ത്രിയും വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കനേഡിയൻ അധികൃതർ തുടക്കം മുതൽ ഇടപെട്ടുവരികയാണെന്നും സർക്കാർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!