Tuesday, August 18, 2026

PM കെയേഴ്സ് ഫണ്ടിൽ കോടികൾ എത്തി; ചെലവഴിച്ചത് വളരെ കുറവ്, പുതിയ കണക്കുകൾ പുറത്ത്

ഡൽഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020ൽ ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിന്റെ പുതിയ സാമ്പത്തിക കണക്കുകൾ പുറത്തുവന്നു. 2024-25 സാമ്പത്തിക വർഷാവസാനത്തിൽ ഫണ്ടിന്റെ ആകെ ബാലൻസ് 8,452.95 കോടി രൂപയായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ 7,188.63 കോടി രൂപയിൽ നിന്ന് ഫണ്ടിലെ തുക വർധിച്ചിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം ഫണ്ടിലേക്ക് സംഭാവനകളിലൂടെയും പലിശയിലൂടെയും വലിയ തുക എത്തിയെങ്കിലും, അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ചെലവഴിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

2024-25ൽ ഫണ്ടിലേക്ക് ഏകദേശം 1,279 കോടി രൂപ എത്തിയപ്പോൾ അതിൽ 87 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചതെന്നാണ് ലഭ്യമായ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, 2023-24, 2024-25 എന്നീ രണ്ട് സാമ്പത്തിക വർഷങ്ങളിലെ വരവും ചെലവും സംബന്ധിച്ച കണക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഫണ്ടിൽ വലിയ തുക ചെലവഴിക്കാതെ തുടരുന്നതിനെതിരെ വിവരാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഫണ്ടിൽ നിന്ന് വിവിധ ഏജൻസികൾക്ക് നൽകിയ തുകയിൽ 324 കോടി രൂപ തിരിച്ചെത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ തുക എന്തുകൊണ്ടാണ് തിരിച്ചുനൽകിയതെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന വിമർശനവും ഉയരുന്നു.

പിഎം കെയേഴ്സ് ഫണ്ട് ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായാണ് രൂപീകരിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് ഫണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം.

ഫണ്ടിന്റെ സുതാര്യതയും പ്രവർത്തന രീതിയും സംബന്ധിച്ച് നേരത്തെ തന്നെ ചോദ്യങ്ങൾ ഉയർന്നിരുന്നു. പുതിയ സാമ്പത്തിക കണക്കുകൾ പുറത്തുവന്നതോടെ ഫണ്ടിലേക്ക് എത്തുന്ന പണം എത്രത്തോളം ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!