Wednesday, August 19, 2026

ഡിയർബോണിൽ ജേക്ക് ലാങിന്റെ ‘ക്രിസ്ത്യൻ ക്രൂസേഡ്’ പ്രതിഷേധം; 22 പേർ അറസ്റ്റിൽ, സംഘർഷാവസ്ഥ

മിഷിഗൺ: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തെ ഡിയർബോൺ നഗരത്തിൽ സാമൂഹ്യ പ്രവർത്തകൻ ജേക്ക് ലാങിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 18) നടന്ന പ്രതിഷേധ പരിപാടിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ‘ക്രിസ്ത്യൻ ക്രൂസേഡർ മാർച്ച്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കണമെന്നും ഐസ് (ICE) നടപടികൾ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അമേരിക്കയിൽ ഏറ്റവും കൂടുതൽ അറബ്-അമേരിക്കൻ ജനസംഖ്യയുള്ള നഗരങ്ങളിലൊന്നായ ഡിയർബോണിൽ മുസ്‌ലിം സമൂഹത്തിനെതിരായ നിലപാടുകളോടെയാണ് പ്രതിഷേധം നടന്നത്.


ഹെൻറി ഫോർഡ് സെന്റിനിയൽ ലൈബ്രറിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിന് ഡിട്രോയിറ്റ് പാസ്റ്റർ ലോറൻസോ സെവലിന്റെയും പിന്തുണയുണ്ടായിരുന്നു. കൗണ്ടർ പ്രതിഷേധവുമായി പ്രാദേശിക നിവാസികളും എതിർഗ്രൂപ്പുകളും എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായി. ‘അള്ളാഹു അക്‌ബർ’ വിളികളോടെ എതിർഗ്രൂപ്പ് പ്രതികരിച്ചു. പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നിട്ടും സംഘർഷം നിയന്ത്രിക്കാൻ ബുദ്ധിമുട്ടി. ആകെ 22 പേരെ അറസ്റ്റ് ചെയ്തതായി ഡിയർബോൺ പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 18 മുതൽ 64 വയസ്സ് വരെയുള്ളവരും മിഷിഗൺ ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്.

2021ലെ ക്യാപിറ്റോൾ പ്രക്ഷോപത്തിൽ പങ്കാളിയായിരുന്ന ജേക്ക് ലാങിന് പിന്നീട് ട്രംപ് ഭരണകൂടം മാപ്പ് നൽകിയിരുന്നു. സിറ്റി കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ലാങ്, മുസ്‌ലിംകൾ “ഞങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്”, “ഞങ്ങളെ മറികടക്കാൻ ശ്രമിക്കുകയാണ്” തുടങ്ങിയ വാചകങ്ങൾ ഉപയോഗിച്ച് പ്രസംഗിച്ചു. “മുസ്‌ലിംങ്ങൾ സ്വാംശീകരിക്കാൻ വന്നതല്ല” എന്നും അദ്ദേഹം ആരോപിച്ചു. പ്രസംഗത്തിന് ശേഷം ഖുറാൻ കീറിയ ലാങിനെ പൊലീസ് യോഗത്തിൽ നിന്ന് പുറത്താക്കി. നേരത്തെ ഓഗസ്റ്റ് 2ന് ഡിയർബോണിൽ നടന്ന അർബഈൻ ഘോഷയാത്രയ്ക്കിടെ ലാങ് ആക്രമിക്കപ്പെട്ടിരുന്നു. സംരക്ഷണ വസ്ത്രം ധരിച്ചതിനാൽ രക്ഷപ്പെട്ടതായി അദ്ദേഹം പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

നഗര മേയർ അബ്ദുല്ല ഹമ്മൂദ് യോഗത്തിൽ പറഞ്ഞത് . “ഇവിടെ നിങ്ങൾക്കെല്ലാവർക്കും അവകാശമുണ്ട്. ഈ നഗരം പല പേരുകളും ഭാഷകളും പാരമ്പര്യങ്ങളും ഉള്ള ആളുകൾ ചേർന്ന് നിർമ്മിച്ചതാണ്” എന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധം മൂലം നഗരത്തിലെ ചില ബിസിനസുകൾ താൽക്കാലികമായി അടച്ചുപൂട്ടിയതായും നിവാസികളിൽ ഭയം പടർന്നതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് ചീഫ് ഈസാ ഷാഹിൻ മുൻകൂട്ടി നിവാസികളോട് പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു.
ഡിയർബോൺ നഗരത്തിൽ മുമ്പും സമാനമായ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. ലാങ് നവംബർ മുതൽ ഇതുവരെ അഞ്ച് തവണയെങ്കിലും നഗരം സന്ദർശിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും അറസ്റ്റുകൾ സമാധാനപരമായി നടന്നുവെന്നും പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!