Thursday, August 20, 2026

മാസപ്പടി കേസിൽ വീണയ്ക്ക് കുരുക്ക് മുറുകുന്നു; സ്വത്തുക്കൾ കണ്ടുകെട്ടാൻ ED

തിരുവനന്തപുരം: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വീണാ വിജയനെതിരെ നടപടികൾ കടുപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചതായും സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ആലോചിക്കുന്നതായി ഇ ഡി വൃത്തങ്ങൾ.

കേസുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടന്നതായും വ്യാജ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് ഇ ഡിയുടെ വാദം. വീണ ഉപയോഗിച്ചിരുന്ന സിം കാർഡ് ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജരും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ നന്ദുലാലിന്റെ പേരിലുള്ളതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ച് വൈഫൈ റൂട്ടർ പ്രവർത്തിപ്പിച്ചിരുന്നതായും ഇതിലൂടെ രഹസ്യ സ്വഭാവമുള്ള ഇന്റർനെറ്റ് കോളുകൾ നടത്തിയതായും ഇ ഡി സംശയിക്കുന്നുണ്ട്. അന്വേഷണത്തിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായതെന്നാണ് ഏജൻസിയുടെ വാദം.

കേസുമായി ബന്ധപ്പെട്ട് പണം കൈമാറ്റം നടന്നതായി ഡയറിക്കുറിപ്പുകളിൽ പരാമർശമുള്ളവരുടെ മൊഴിയെടുക്കാനും ഇ ഡി നീക്കം നടത്തുന്നുണ്ട്. ആവശ്യമായ സാഹചര്യത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

20 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇത് വീണയുടെ പ്രഖ്യാപിത വരുമാനസ്രോതസ്സുമായി പൊരുത്തപ്പെടാത്തതാണെന്നും ഇ ഡി സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ ഡി വ്യക്തമാക്കുന്നു.

ഇതിനിടെ, സിം കാർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കുറിപ്പുകളിൽ പേരുള്ളവരുമായി ബന്ധമുള്ള കോഴിക്കോട് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ ഇ ഡി പരിശോധന നടത്തിയിരുന്നു. ഹവാല ചാനലുകളിലൂടെ പണം കൈമാറിയതുമായി ബന്ധപ്പെട്ട കൂടുതൽ ഡിജിറ്റൽ തെളിവുകൾ പരിശോധനയിൽ ലഭിച്ചതായും അന്വേഷണ സംഘം അവകാശപ്പെടുന്നു.

കേസിലെ കണ്ടെത്തലുകൾ സംബന്ധിച്ച് സിപിഎം രാഷ്ട്രീയ വിശദീകരണം നൽകാനുള്ള നീക്കത്തിലാണ്. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാനും ആവശ്യമായ നിയമനടപടികളിലേക്ക് കടക്കാനുമാണ് ഇ ഡിയുടെ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!