Tuesday, August 25, 2026

കാനഡ-US വ്യാപാരയുദ്ധം: ട്രംപിനെതിരെ ആഞ്ഞടിച്ച് ഡഗ് ഫോർഡ്; ‘കിസ് മൈ ആസ്’ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു

ടൊറന്റോ: കാനഡ-യുഎസ് വ്യാപാരയുദ്ധം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ട്രംപിന് നേരെ നടത്തിയ ‘കിസ് മൈ ആസ്’ (kiss my ass) പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ഫോർഡ് വ്യക്തമാക്കി. ട്രംപിനെ ‘ഏകാധിപതി’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

കാനഡയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ യുഎസ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഫോർഡിന്റെ ശക്തമായ പ്രതികരണം. ഓഗസ്റ്റ് 23 മുതൽ ഏകദേശം 28 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് പുതിയ തീരുവ പ്രാബല്യത്തിൽ വന്നിരുന്നു.

ടൊറന്റോയിലെ റേഡിയോ അഭിമുഖത്തിലാണ് ട്രംപിന്റെ തീരുവ ഭീഷണിയോട് പ്രതികരിച്ച് ഫോർഡ് ആദ്യം ‘കിസ് മൈ ആസ്’എന്ന് പറഞ്ഞത്. പിന്നീട് ഹാമിൽട്ടണിൽ നടത്തിയ വാർത്താസമ്മേളനത്തിലും അദ്ദേഹം അതേ നിലപാട് ആവർത്തിച്ചു.

ട്രംപിനെതിരെ രൂക്ഷ വിമർശനം

ഫോർഡിന്റെ പരാമർശത്തിന് പിന്നാലെ ട്രംപും സോഷ്യൽ മീഡിയയിലൂടെ തിരിച്ചടിച്ചു. ഫോർഡിനെ ‘ഫ്ലങ്കി ഫോർഡ്’ എന്ന് വിളിച്ച ട്രംപ്, അദ്ദേഹത്തെയും പ്രധാനമന്ത്രി മാർക്ക് കാർണിയെയും മോശം നേതാക്കളെന്നും വിശേഷിപ്പിച്ചു.

ഇതിന് മറുപടിയായി ട്രംപിനെ ‘ഏകാധിപതി’ എന്ന് വിളിച്ച ഫോർഡ്, അദ്ദേഹത്തിൽ നിന്ന് ഉപദേശം സ്വീകരിക്കില്ലെന്നും പറഞ്ഞു. ട്രംപിന്റെ പഴയ ബിസിനസ് പരാജയങ്ങളെയും ഫോർഡ് പരിഹസിച്ചു.

വ്യാപാരയുദ്ധത്തിൽ തിരിച്ചടിക്കാനുള്ള എല്ലാ സാധ്യതകളും പരിഗണിക്കുമെന്ന് ഫോർഡ് വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള വൈദ്യുതി, നിർണായക ധാതുക്കൾ തുടങ്ങിയ കയറ്റുമതികൾ തടയുന്നതും പരിഗണിക്കാമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒന്റാരിയോയിൽ നിന്നുള്ള വൈദ്യുതി മിഷിഗൺ, ന്യൂയോർക്ക്, മിനസോട്ട സംസ്ഥാനങ്ങളിലെ ഏകദേശം 15 ലക്ഷം ആളുകൾക്ക് ലഭിക്കുന്നുണ്ട്.

കാർണിക്ക് പൂർണ പിന്തുണ

യുഎസുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറാനുള്ള പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തീരുമാനത്തിന് ഫോർഡ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കാനഡയ്ക്ക് ദോഷകരമായ ഒരു കരാറിൽ ഒപ്പുവയ്ക്കുന്നതിനേക്കാൾ ചർച്ചകൾ നിർത്തിവെക്കുന്നതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസ് കനേഡിയൻ കാറുകൾ, വാഹന ഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 2027 ജനുവരി ഒന്നുമുതൽ 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കനേഡിയൻ സ്റ്റീലിന് 50 ശതമാനവും വാഹനങ്ങൾക്കും വാഹന ഭാഗങ്ങൾക്കും 25 ശതമാനവുമാണ് തീരുവ.

പ്രതിപക്ഷത്തിന്റെ സമ്മർദം

വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഒന്റാരിയോ നിയമസഭ തിരിച്ചുവിളിക്കണമെന്ന് പ്രവിശ്യയിലെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. യുഎസ് കമ്പനികളുമായുള്ള ചില സർക്കാർ കരാറുകൾ റദ്ദാക്കണമെന്നും പുതിയ യുഎസ് കമ്പനികൾക്ക് പ്രയോജനം ചെയ്യുന്ന എഐ ഡാറ്റാ സെന്റർ കരാറുകൾ തടയണമെന്നും എൻഡിപി ആവശ്യപ്പെട്ടു.

തീരുവ മൂലം പ്രതിസന്ധിയിലാകുന്ന കമ്പനികൾക്ക് അടിയന്തര ധനസഹായം നൽകുന്ന പ്രൊട്ടക്റ്റ് ഒന്റാരിയോ ഫിനാൻസിങ് പ്രോഗ്രാം (Protect Ontario Financing Program) വിപുലീകരിക്കുമെന്നും ഫോർഡ് പ്രഖ്യാപിച്ചു. വാഹന, സ്റ്റീൽ, നിർമാണ മേഖലകളിൽ വലിയ തോതിലുള്ള നിക്ഷേപം നടത്തണമെന്നും ഫെഡറൽ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

കാനഡ-യുഎസ് വ്യാപാര ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഈ ആഴ്ച കൂടുതൽ പ്രതിരോധ നടപടികൾ പ്രഖ്യാപിക്കുമെന്ന് കാനഡയുടെ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!