മൺട്രിയോൾ: കാനഡയുടെ കപ്പൽനിർമാണ മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്ന പദ്ധതിയുമായി പ്രധാനമന്ത്രി മാർക്ക് കാർണി. കെബെക്കിലെ ലെവിസിൽ ആറ് പുതിയ ഐസ് ബ്രേക്കറുകൾ നിർമിക്കാൻ ഫെഡറൽ സർക്കാർ 11.3 ബില്യൺ കനേഡിയൻ ഡോളർ നിക്ഷേപിക്കുമെന്ന് കാർണി പ്രഖ്യാപിച്ചു.
കാനഡ കോസ്റ്റ് ഗാർഡിന്റെ പഴക്കം ചെന്ന ഹെവി, മീഡിയം ഐസ് ബ്രേക്കറുകൾക്ക് പകരമായാണ് പുതിയ കപ്പലുകൾ നിർമിക്കുന്നത്. കെബെക്കിലെ കപ്പൽനിർമാണ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്ന് കാർണി വിശേഷിപ്പിച്ചു.
ലെവിസിലെ ഷാന്തിയേ ഡേവി (Chantier Davie) കപ്പൽശാലയിലാണ് ആറ് കപ്പലുകളും നിർമിക്കുക. അടുത്ത വർഷം ശരത്കാലത്തോടെ ആദ്യ കപ്പലിന്റെ നിർമാണത്തിനുള്ള സ്റ്റീൽ മുറിക്കൽ ആരംഭിക്കുമെന്നും അഞ്ച് വർഷത്തിനകം ആദ്യ ഐസ് ബ്രേക്കർ കൈമാറുമെന്നും കാർണി പറഞ്ഞു. തുടർന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മുഴുവൻ കപ്പൽപ്പടയും പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം.

അറ്റ്ലാന്റിക് മുതൽ ആർട്ടിക് വരെ സേവനം
അറ്റ്ലാന്റിക് കാനഡയിലും സെയ്ന്റ് ലോറൻസ് നദിയിലും ശൈത്യകാലത്ത് പ്രവർത്തിക്കുന്നതിനൊപ്പം വേനൽക്കാലത്ത് ആർട്ടിക് മേഖലയിലും പുതിയ ഐസ് ബ്രേക്കറുകൾ വിന്യസിക്കും. കാനഡയുടെ സമുദ്രസുരക്ഷയും ആർട്ടിക് സാന്നിധ്യവും ശക്തിപ്പെടുത്തുന്നതിൽ പദ്ധതിക്ക് നിർണായക പങ്കുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കപ്പൽനിർമാണ ഘട്ടത്തിൽ ഏകദേശം 5,000 തൊഴിലവസരങ്ങൾ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് കാർണി വ്യക്തമാക്കി.
‘ബൈ കനേഡിയൻ’ നയത്തിന് കീഴിൽ
ഫെഡറൽ സർക്കാരിന്റെ ‘ബൈ കനേഡിയൻ’ (Buy Canadian) സംഭരണ നയത്തിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. കപ്പലുകളുടെ നിർമാണത്തിന് കനേഡിയൻ സ്റ്റീൽ ഉപയോഗിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കെബെക്ക് പ്രീമിയർ ക്രിസ്റ്റീൻ ഫ്രെഷെറ്റിനൊപ്പമാണ് കാർണി ലെവിസിൽ പദ്ധതി പ്രഖ്യാപിച്ചത്. പ്രവിശ്യയുടെ സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്താനും വെൽഡർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയ തൊഴിലാളികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്ന് ഫ്രെഷെറ്റ് പറഞ്ഞു.

വ്യാപാരയുദ്ധത്തിനിടെ വൻ നിക്ഷേപം
കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ വ്യവസായങ്ങൾക്കെതിരെ പുതിയ തീരുവ ഭീഷണികൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഐസ് ബ്രേക്കർ പദ്ധതി പ്രഖ്യാപിച്ചത്.
കാനഡയുടെ ദേശീയ കപ്പൽനിർമാണ പദ്ധതിയുടെ ഭാഗമായി 2045ഓടെ 88 പുതിയ കപ്പലുകൾ നിർമിക്കാനാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. 2019ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ആറ് പുതിയ പോളാർ ക്ലാസ് 3 ഐസ് ബ്രേക്കറുകളുടെ നിർമാണം മുന്നോട്ട് പോകുന്നത്.
2024ൽ ഈ ആറ് കപ്പലുകളുടെ രൂപകൽപ്പനയ്ക്കായി ഡേവി കപ്പൽശാലയ്ക്ക് 19.6 മില്യൺ ഡോളറിന്റെ പ്രാരംഭ കരാർ ഓട്ടവ നൽകിയിരുന്നു. പുതിയ 11.3 ബില്യൺ ഡോളറിന്റെ നിക്ഷേപത്തോടെ പദ്ധതി ഇപ്പോൾ നിർമാണ ഘട്ടത്തിലേക്ക് കടക്കുകയാണ്.
