റിയാദ്: പ്രതിരോധം, നിക്ഷേപം, ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രാദേശിക സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും ഫ്രാൻസും. ഇതിന്റെ ഭാഗമായി 21 കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് നേതൃത്വവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകളിലാണ് വിവിധ കരാറുകൾക്ക് ധാരണയായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ സഹകരണ പ്രഖ്യാപനം.
ഇറാൻ വിഷയത്തിൽ നയതന്ത്ര പരിഹാരത്തിന് പിന്തുണ
മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നയതന്ത്രപരമായ പരിഹാരമാണ് ആവശ്യമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കായി മാത്രമാണെന്ന് ഉറപ്പാക്കുന്ന നയതന്ത്ര പരിഹാരത്തിന് പിന്തുണ നൽകുമെന്നും നേതാക്കൾ അറിയിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള പൂർണ സഹകരണം ഇറാൻ പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെയും ഇരു രാജ്യങ്ങളും ശക്തമായി അപലപിച്ചു. കടലിടുക്കിലെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്നും സൗദിയും ഫ്രാൻസും ആവശ്യപ്പെട്ടു.

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം
ഹമാസിന്റെ നിരായുധീകരണം സംബന്ധിച്ച കരാർ പ്രഖ്യാപനത്തെ സൗദി അറേബ്യയും ഫ്രാൻസും സ്വാഗതം ചെയ്തു. ഗാസയിൽ സ്ഥിരമായ വെടിനിർത്തലിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്നും സാധാരണ ജനങ്ങൾക്ക് തടസ്സമില്ലാതെ വേഗത്തിലും സുരക്ഷിതമായും മാനുഷിക സഹായം എത്തിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുന്ന നടപടികളെയും അവർ തള്ളിപ്പറഞ്ഞു. ഇസ്രയേലിന്റെ കുടിയേറ്റ നയങ്ങളും കുടിയേറ്റക്കാരുടെ അക്രമങ്ങളും അവസാനിപ്പിക്കണമെന്നും ഇത്തരം നടപടികൾ ദ്വിരാഷ്ട്ര പരിഹാരത്തിന് ഭീഷണിയാണെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.

ലബനാനും യമനും സുഡാനും
ലബനാനിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കാനും തീരുമാനമായി. പ്രസിഡന്റ് ജോസഫ് ഔണിന്റെയും പ്രധാനമന്ത്രി നവാഫ് സലാമിന്റെയും നേതൃത്വത്തിൽ രാജ്യത്തെ ഭരണകൂട സ്ഥാപനങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് ഇരു രാജ്യങ്ങളും പിന്തുണ അറിയിച്ചു.
യമനിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിന്റെയും ഐക്യരാഷ്ട്രസഭയുടെയും ശ്രമങ്ങൾക്കും സൗദിയും ഫ്രാൻസും പിന്തുണ പ്രഖ്യാപിച്ചു. സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഹൂതി ആക്രമണങ്ങളെയും ചെങ്കടലിലെ അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങളെയും ഇരു രാജ്യങ്ങളും അപലപിച്ചു.
സുഡാനിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും വിദേശ ഇടപെടലുകൾ അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി.
പുതിയ കരാറുകളിലൂടെ സാമ്പത്തികവും തന്ത്രപ്രധാനവുമായ മേഖലകളിലെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനൊപ്പം പശ്ചിമേഷ്യയിലെ പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ സഹകരണം വർധിപ്പിക്കാനാണ് സൗദി-ഫ്രാൻസ് നീക്കം.
