Thursday, August 27, 2026

US വിതരണക്കാരെ ഒഴിവാക്കി ചാപ്മാൻസ് ഐസ്‌ക്രീം; 2028 വരെ വില കൂട്ടില്ല

ടൊറന്റോ: കാനഡ-യു.എസ് വ്യാപാര തർക്കം തുടരുന്നതിനിടെ അമേരിക്കൻ വിതരണക്കാരെ ഒഴിവാക്കി കൂടുതൽ കനേഡിയൻ ഉൽപ്പന്നങ്ങളിലേക്ക് മാറാൻ ഒന്റാരിയോ ആസ്ഥാനമായ ചാപ്മാൻസ് ഐസ്‌ക്രീം. 2027 മധ്യത്തോടെ അമേരിക്കയിൽ നിന്നുള്ള 70 ശതമാനത്തിലധികം ചേരുവകളും ഘടകങ്ങളും കാനഡയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇതിനൊപ്പം 2028 മാർച്ച് വരെ ഐസ്‌ക്രീം വില വർധിപ്പിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. 2025 മാർച്ചിൽ ട്രംപ് ഭരണകൂടം ആദ്യഘട്ട താരിഫുകൾ പ്രഖ്യാപിച്ചതോടെയാണ് യു.എസ് വിതരണക്കാർക്ക് ബദൽ കണ്ടെത്താനുള്ള ശ്രമം കമ്പനി ആരംഭിച്ചത്.

കാനഡയിൽ തന്നെ ഷുഗർ കോൺ നിർമാണം

അമേരിക്കയിൽ നിന്നുള്ള വിതരണത്തെ ആശ്രയിച്ചിരുന്ന പ്രധാന ഉൽപ്പന്നങ്ങളിലൊന്നാണ് ഐസ്‌ക്രീം ഷുഗർ കോൺ. വ്യാവസായിക തലത്തിൽ ഷുഗർ കോൺ നിർമിക്കുന്ന കമ്പനികൾ കാനഡയിൽ ഇല്ലാത്തതിനാൽ ഹാമിൽട്ടണിന് സമീപമുള്ള ഒറിജിനൽ ഫുഡ്സ് (Original Foods) എന്ന കമ്പനിയുമായി ചേർന്ന് പുതിയ കോൺ ഓവൻ സ്ഥാപിക്കാനുള്ള നടപടികളിലാണ് ചാപ്മാൻസ്.ഇതോടെ 100 ശതമാനം കനേഡിയൻ കോൺ നിർമാണ ലൈൻ സ്വന്തമാക്കുന്ന രാജ്യത്തെ ഏക കമ്പനിയാകുമെന്നാണ് ചാപ്മാൻസ് സിഇഒ ആഷ്‌ലി ചാപ്മാൻ പറയുന്നത്.

ഐസ്‌ക്രീം സാൻഡ്‌വിച്ചുകളിൽ ഉപയോഗിക്കുന്ന വേഫറുകളുടെ നിർമാണവും കാനഡയിലേക്ക് മാറ്റും. ബദൽ വിതരണ ശൃംഖലയുടെ ഭാഗമായി ഓസ്ട്രേലിയയിൽ നിന്ന് ബദാം, ചിലിയിൽ നിന്ന് ചെറി തുടങ്ങിയ ചേരുവകളും കമ്പനി വാങ്ങിത്തുടങ്ങി.

അമേരിക്കയ്ക്ക് പകരം പുതിയ വിപണികൾ

വ്യാപാര തർക്കം കനേഡിയൻ കമ്പനികളെ ആഭ്യന്തര ഉൽപ്പാദന സാധ്യതകൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചെന്ന് ആഷ്‌ലി ചാപ്മാൻ പറഞ്ഞു. നേരത്തെ അമേരിക്കയിൽ നിന്ന് വാങ്ങിയിരുന്ന പല ഉൽപ്പന്നങ്ങൾക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിതരണ മാർഗങ്ങൾ തേടുകയാണ് കമ്പനി.

ചില സാഹചര്യങ്ങളിൽ ബദൽ വിതരണക്കാരെ കണ്ടെത്തിയത് പ്രതീക്ഷിച്ചതിനേക്കാൾ ചെലവുകുറഞ്ഞതായും കമ്പനി പറയുന്നു. ഉദാഹരണമായി, അമേരിക്കയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഓസ്ട്രേലിയയിൽ നിന്ന് ബദാം ലഭിക്കുന്ന സാഹചര്യമുണ്ടായതായി ചാപ്മാൻ ചൂണ്ടിക്കാട്ടി.

100 ശതമാനം കനേഡിയൻ ഡയറി തുടരും

കമ്പനി ഐസ്‌ക്രീമിൽ ഉപയോഗിക്കുന്ന ഡയറി ഉൽപ്പന്നങ്ങൾ 100 ശതമാനവും കാനഡയിൽ നിന്നുതന്നെ തുടർന്നും ശേഖരിക്കും. ഉൽപ്പാദനം കൂടുതൽ കാര്യക്ഷമമാക്കി ചെലവ് നിയന്ത്രിക്കാനും ചാപ്മാൻസ് ശ്രമിക്കുന്നുണ്ട്.

കനേഡിയൻ നിർമ്മാതാക്കളെ ആശ്രയിക്കുന്നതിൽ ചില മാറ്റങ്ങൾ ദീർഘകാലത്തേക്കുള്ളതാണെന്നും കമ്പനി വ്യക്തമാക്കി. കനേഡിയൻ നിർമിത കോൺ വിതരണത്തിനായി അഞ്ച് വർഷത്തെ കരാറും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.

വ്യാപാര തർക്കം മൂലം വിതരണ ശൃംഖലയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നെങ്കിലും, വില വർധന ഒഴിവാക്കി പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!