Friday, August 28, 2026

വീണ്ടും ട്വിസ്റ്റ്; ബ്രൂണെയിലുള്ളത് സുകുമാരക്കുറുപ്പല്ല; ചിത്രം തൃശൂരുകാരൻ ദാമോദര മേനോന്റേത്

തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ട ചിത്രം തെറ്റാണെന്ന് ബന്ധുക്കൾ. ചിത്രത്തിലുള്ളത് തൃശൂർ കരുമാത്ര സ്വദേശി ദാമോദര മേനോനാണെന്ന് സഹോദരൻ കരുണാകര മേനോൻ വ്യക്തമാക്കി. നാട്ടുകാരും ചിത്രം ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറയുന്നു.

വർഷങ്ങൾക്ക് മുൻപ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട രേഖകളും യാത്രാ രേഖകളും താനാണ് ശരിയാക്കിയതെന്ന് സഹോദരൻ പറഞ്ഞു. പൂനെയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദാമോദര മേനോൻ എൻജിനീയറിങ് പഠനത്തിന് ശേഷം ലണ്ടനിലേക്ക് പോയി. പിന്നീട് മലേഷ്യയിലേക്ക് പോയതായാണ് കുടുംബത്തിന്റെ വിശദീകരണം. പാലക്കാട് സ്വദേശിനിയെയാണ് വിവാഹം കഴിച്ചത്. രണ്ട് മക്കളുണ്ട്. ഏറെക്കാലമായി നാട്ടിലെത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഇതിനിടെ, ദാമോദര മേനോന്റെ ചിത്രം സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ എങ്ങനെ പ്രചരിച്ചുവെന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കാനും കുടുംബം ഒരുങ്ങുകയാണ്.

സുകുമാരക്കുറുപ്പിന്റെ ചിത്രമെന്ന പേരിൽ മുൻപും നിരവധി ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. 1984 ജനുവരി 21ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സുകുമാരക്കുറുപ്പ് കേസിലെ പ്രധാന പ്രതിയായത്. 42 വർഷമായി തുടരുന്ന കേസിൽ സുകുമാരക്കുറുപ്പിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിനിടെ മരിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു കേരള പൊലീസ്. എന്നാൽ വിദേശത്ത് ജീവനോടെ കഴിയുന്നുണ്ടെന്ന മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെയാണ് കേസ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്നും നിർമാണമേഖലയിൽ ജോലി ചെയ്യുകയാണെന്നും കേസന്വേഷണ സംഘത്തിൽ മുൻപ് അംഗമായിരുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്‌ബർ അടുത്തിടെ അവകാശപ്പെട്ടിരുന്നു. വിദേശത്തുള്ള ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും കുറുപ്പ് ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ബ്രൂണെയിലുള്ള വ്യക്തിയുടെ ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തൽ കേസിലെ പുതിയ അവകാശവാദങ്ങൾക്ക് മറ്റൊരു വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, ഹൃദ്രോഗബാധിതനായിരുന്ന സുകുമാരക്കുറുപ്പ് ഇത്രയും കാലം ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്നാണ് നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം 42 വർഷം പഴക്കമുള്ള കേസ് അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് പുതിയ വിവാദം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!