തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിശോധിച്ച മുഖ്യമന്ത്രി, അന്വേഷണ സംഘത്തെ നിയോഗിക്കാൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകി.
മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നടന്ന കരാറുകളും സാമ്പത്തിക ഇടപാടുകളുമാണ് അന്വേഷണത്തിന്റെ പ്രധാന പരിധിയിൽ വരുന്നത്. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ സാമ്പത്തിക കരാറുകൾ, പണം കൈമാറിയ രീതികൾ, സ്പോൺസറെ തിരഞ്ഞെടുത്തതിലെ നടപടിക്രമങ്ങൾ എന്നിവ സംഘം പരിശോധിക്കും.
പ്രാഥമിക പരിശോധനയിൽ ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വിദേശ പണമിടപാടുകളിൽ വിദേശനാണയ വിനിമയ ചട്ടമായ ഫെമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.
സർക്കാർ സംവിധാനങ്ങളെ മറയാക്കി സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമാകും. കരാറിലെ വീഴ്ചകൾ, പണമിടപാടുകളിലെ സുതാര്യതക്കുറവ്, നികുതി വെട്ടിപ്പ്, സർക്കാർ സംവിധാനങ്ങൾക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം തുടങ്ങിയ വിഷയങ്ങൾ വിശദമായി പരിശോധിക്കും.
സൈബർ, സാമ്പത്തിക കുറ്റാന്വേഷണ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയായിരിക്കും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുക. സംഘത്തിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ച തീരുമാനം ആഭ്യന്തര വകുപ്പ് ഉടൻ കൈക്കൊള്ളും.

അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകളോ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളോ സ്ഥിരീകരിച്ചാൽ കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് അന്വേഷണ റിപ്പോർട്ട് കൈമാറുന്ന കാര്യവും സർക്കാർ പരിഗണിച്ചേക്കും.
2025ൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന പ്രഖ്യാപനം അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയിരുന്നു. എന്നാൽ ഇടപാടുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് ഓഗസ്റ്റ് 12ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖ്യ സ്പോൺസറെ സുതാര്യമായ നടപടിക്രമങ്ങളിലൂടെയല്ല തിരഞ്ഞെടുത്തതെന്നും സമഗ്ര അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും കരാറുകളും പരിശോധിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.
