വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയില്‍ കണ്ടെത്തിയ ഒഴുകിനീങ്ങുന്ന അജ്ഞാത ദ്വീപില്‍ കയറരുതെന്ന് ബോട്ടുടമകള്‍ക്ക് മുന്നറിയിപ്പ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ബോട്ടുകാര് ഈ ദ്വീപിലേക്ക് കയറരുതെന്ന് ബിസി ഹൈഡ്രോ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
2012-ന് ശേഷം ആദ്യമായി റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തീരത്തുണ്ടായിരുന്ന ജീര്‍ണ്ണിച്ച തടികളും മറ്റ് അവശിഷ്ടങ്ങളും വെള്ളത്തില്‍ പൊങ്ങി ഒഴുകിയതാകാം എന്ന നിഗമനത്തിലാണ് അധികൃതര്‍. തടാകത്തില്‍ ശക്തമായ കാറ്റും തിരമാലകളും ഉണ്ടായാല്‍ ഈ തടി കൂട്ടം തകരാന്‍ സാധ്യതയുള്ളതിനാലാണ് ബോട്ടുകാര് ദ്വീപിലേക്ക് കയറരുതെന്ന് ബിസി ഹൈഡ്രോ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബിസി ഹൈഡ്രോയുടെ ഡാം റിസര്‍വോയറായ തടാകത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യമായി ഈ ദ്വീപ് കണ്ടെത്തിയത്. പിന്നീട് ഇത് അപ്രത്യക്ഷമായിരുന്നു. എന്നാല്‍, മുന്‍പ് കണ്ട സ്ഥലത്തുനിന്ന് 30 കിലോമീറ്റര്‍ അകലെ ഓഗസ്റ്റ് 31-ന് ദ്വീപ് വീണ്ടും പ്രത്യക്ഷപ്പെട്ടു. തുടക്കത്തില്‍ ഇതൊരു എഐ (AI) നിര്‍മ്മിതിയാണെന്നാണ് പ്രമുഖ ജിയോളജിസ്റ്റായ ജോണ്‍ ജോസഫ് ക്ലാഗ് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ കരുതിയിരുന്നത്. എന്നാല്‍ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഇത് സ്ഥിരീകരിക്കുകയായിരുന്നു. 140 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമുള്ള ഈ ദ്വീപ് ഇപ്പോഴും തകരാതെ നിലനില്‍ക്കുന്നുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, ഇത്രയും വലിയൊരു കരഭാഗം വേര്‍പെട്ട് പോയതിലും തകര്‍ന്നുപോകാതെ 30 കിലോമീറ്ററോളം സഞ്ചരിച്ചതിലും ശാസ്ത്രലോകം അമ്പരപ്പിലാണ്. ദ്വീപിനെ നിരീക്ഷിക്കുന്നത് തുടരുമെന്നും ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
