ഓട്ടവ: ക്രേറ്റ് ആന്‍ഡ് ബാരല്‍ കാനഡ വിറ്റഴിച്ച ക്വിസിനാര്ട്ട് (Cuisinart) ബ്രാന്‍ഡിന്റെ ഗ്രില്‍ ബ്രഷുകള്‍ തിരിച്ചുവിളിച്ചു. ബ്രഷിലെ ചെറിയ ലോഹ കമ്പികള്‍ ഉപയോഗത്തിനിടെ അടര്‍ന്നുമാറി ഗ്രില്ലിലോ ഭക്ഷണത്തിലോ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. ഇത് ഉള്ളില്ച്ചെന്നാല് ഗുരുതരമായ ആന്തരിക പരുക്കുകള്‍ക്കും ശസ്ത്രക്രിയയ്ക്കും വരെ കാരണമായേക്കാം.
രണ്ട് തരത്തിലുള്ള ഗ്രില്‍ സെറ്റുകളുടെ ഭാഗമായാണ് ഈ ബ്രഷുകള്‍ വില്‍ക്കപ്പെട്ടിട്ടുള്ളത്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഹാന്‍ഡിലില്‍ ‘Cuisinart’ എന്ന് പതിപ്പിച്ചിട്ടുള്ളവയാണ് തിരിച്ചുവിളിക്കുന്ന ഉല്‍പ്പന്നങ്ങള്‍. 2017 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കാനഡയിലുടനീളം ഇതിന്റെ 679 യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

ചൈനയില്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നം കാരണം ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാങ്ങിയ ഉപഭോക്താക്കള്‍ ഇത് ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തിവെക്കണമെന്നും റീഫണ്ടിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റോ 800-451-8217 എന്ന നമ്പറോ ഉപയോഗിക്കാവുന്നതാണ്.
