Wednesday, September 2, 2026

ലുലുലെമോണും റീസെയിൽ വിപണിയിലേക്ക്; ഉപയോഗിച്ച വസ്ത്രങ്ങളുടെ വിൽപ്പനയിൽ ബ്രാൻഡുകൾക്ക് പുതിയ അവസരം

എഡ്മിന്റൻ: ഉപയോഗിച്ച വസ്ത്രങ്ങളുടെ വിപണി വളരുന്നതിനിടെ റീസെയിൽ രംഗത്തേക്ക് ചുവടുവെച്ച് പ്രമുഖ കനേഡിയൻ അത്ലറ്റിക് വെയർ ബ്രാൻഡായ ലുലുലെമോൺ. ഉപഭോക്താക്കൾക്ക് പഴയ ലുലുലെമോൺ വസ്ത്രങ്ങൾ വിൽക്കാനും മറ്റുള്ളവരിൽ നിന്ന് ഉപയോഗിച്ച വസ്ത്രങ്ങൾ വാങ്ങാനും കഴിയുന്ന ‘ലൈക്ക് ന്യൂ’ (‘Like New’) പ്ലാറ്റ്ഫോം കമ്പനി കാനഡയിൽ കഴിഞ്ഞ മാസം ആരംഭിച്ചു.

തങ്ങളുടെ ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിനൊപ്പം, ഉപയോഗിച്ച വസ്ത്രങ്ങളിൽ നിന്ന് അധിക വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യവും കമ്പനികൾക്കുണ്ട്. വൻകൂവർ ആസ്ഥാനമായ ലുലുലെമോണിന് പുറമെ കാനഡ ഗൂസ്, ആർക്ടെറിക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും റീസെയിൽ വിപണിയിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നുണ്ട്.

കാൽഗറിയിലെ 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ടെർസസ് സൊല്യൂഷൻസിന്റെ പ്രോസസിങ് കേന്ദ്രത്തിലാണ് ലുലുലെമോണിന്റെ റീസെയിൽ ഉൽപ്പന്നങ്ങൾ വൃത്തിയാക്കി ഗ്രേഡ് ചെയ്ത് പുനർവിൽപ്പനയ്ക്കായി തയ്യാറാക്കുന്നത്. കാനഡയിൽ ടെർസസ് സൊല്യൂഷൻസ് ആരംഭിച്ച ആദ്യ കേന്ദ്രമാണിത്. പ്രതിദിനം ഏകദേശം 1,000 മുതൽ 1,500 വരെ വസ്ത്രങ്ങൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

വസ്ത്രങ്ങൾ വൃത്തിയാക്കാൻ വെള്ളം ആവശ്യമില്ലാത്ത ലിക്വിഡ് കാർബൺ ഡയോക്സൈഡ് സാങ്കേതികവിദ്യയാണ് കേന്ദ്രത്തിൽ ഉപയോഗിക്കുന്നത്. തുടർന്ന് ഉൽപ്പന്നങ്ങൾ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കും.

റീസെയിൽ വ്യാപാരം കമ്പനികൾക്ക് ലാഭകരമായ ബിസിനസ് മേഖലയായി മാറുകയാണെന്ന് ടെർസസ് സൊല്യൂഷൻസ് സിഇഒ പീറ്റർ വിറ്റ്കോംബ് പറഞ്ഞു. സാധാരണയായി നഷ്ടമായി കണക്കാക്കി ഒഴിവാക്കുന്ന കേടുപാടുള്ളതോ തിരിച്ചെത്തിയതോ ആയ ഉൽപ്പന്നങ്ങൾ വീണ്ടും വിൽക്കാൻ കഴിയുന്നതാണ് ഇതിന് പ്രധാന കാരണം.

ലുലുലെമോണിന്റെ ‘ലൈക്ക് ന്യൂ’ പദ്ധതിയിൽ വിൽപ്പന നടത്തുന്ന ഉപഭോക്താക്കൾക്ക് വിൽപ്പന വിലയുടെ 70 ശതമാനം പണമായോ 90 ശതമാനം സ്റ്റോർ ക്രെഡിറ്റായോ ലഭിക്കും. വാങ്ങുന്നവർക്ക് കുറഞ്ഞ വിലയിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനും ഇതിലൂടെ സാധിക്കും.

കാനഡയിൽ സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങളുടെ വാങ്ങലും വിൽപ്പനയും മുഖ്യധാരയിലേക്ക് കടന്നതായി റീട്ടെയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2025 ഓഗസ്റ്റിൽ പുറത്തുവന്ന DIG360–ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (DIG360–Angus Reid Institute) പഠനമനുസരിച്ച്, പഠനത്തിന് മുമ്പുള്ള ഒരു വർഷത്തിനിടെ 77 ശതമാനം കാനഡക്കാരും ഉപയോഗിച്ച ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ട്.

റീസെയിൽ രംഗത്തേക്ക് ബ്രാൻഡുകൾ നേരിട്ട് പ്രവേശിക്കുന്നത് പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും വ്യത്യസ്ത വിലനിലവാരങ്ങളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ഉപയോഗിച്ച വസ്ത്രങ്ങളുടെ ആയുസ് വർധിപ്പിക്കുന്നതിലൂടെ ടെക്സ്റ്റൈൽ മാലിന്യം കുറയ്ക്കാനും ഇത്തരം പദ്ധതികൾക്ക് സാധിക്കും.

വിക്ടോറിയ ആസ്ഥാനമായ അനിയൻ പോലുള്ള ചില ബ്രാൻഡുകൾ ഇതിനകം തന്നെ സ്വന്തം റീസെയിൽ പ്ലാറ്റ്ഫോമുകൾ ആരംഭിച്ചിട്ടുണ്ട്. 2021ൽ ആരംഭിച്ച അനിയന്റെ റീസെയിൽ പദ്ധതിയിലൂടെ ഏകദേശം 1,630 കിലോഗ്രാം ടെക്സ്റ്റൈൽ മാലിന്യം ലാൻഡ്ഫില്ലിലേക്ക് പോകുന്നത് തടയാനായതായി കമ്പനി അറിയിച്ചു.

റീസെയിൽ വിപണിയുടെ വളർച്ച ഉപഭോക്താക്കളുടെ ചെലവ് ചുരുക്കാനുള്ള താൽപര്യത്തെയും പരിസ്ഥിതി സൗഹൃദ ഉപഭോഗത്തിലേക്കുള്ള മാറുന്ന സമീപനത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തൽ. പ്രമുഖ ബ്രാൻഡുകൾ തന്നെ ഈ വിപണിയിലേക്ക് കടക്കുന്നത് സെക്കൻഡ് ഹാൻഡ് വസ്ത്ര വ്യാപാരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന്റെ സൂചനയായാണ് കാണുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!