ഡല്‍ഹി: പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ സിജെപി (CJP) നടത്തിയ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ ഡല്‍ഹി പൊലീസ് വഴങ്ങി. സിജെപി പ്രവര്‍ത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തല അടിച്ചുപൊട്ടിച്ച സംഭവത്തില്‍, പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താമെന്നും 72 മണിക്കൂറിനുള്ളില്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കാമെന്നും പൊലീസ് ഉറപ്പുനല്‍കി.
സ്വതന്ത്ര ഭരദ്വാജ് എന്ന ഹിന്ദുത്വ ‘ഇന്‍ഫ്‌ലുവന്‍സര്‍’ ആണ് ആക്രമണത്തിന് പിന്നിലെന്ന് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. വധശ്രമക്കേസ് ചുമത്തേണ്ട കുറ്റമായിട്ടും താന്‍ ജയിലില്‍ പോകാതെ രക്ഷപ്പെട്ടുവെന്ന് സ്വതന്ത്ര ഭരദ്വാജ് വീഡിയോയില്‍ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ കേസെടുക്കണമെന്നും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സൗരവ് ദാസ്, അഷിതോശ് രംഗ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് സ്റ്റേഷന്‍ ഉപരോധിച്ചത്.

പൊലീസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സൗരവ് ദാസും അഷിതോശ് രംഗയും പുറത്തുവന്ന്, തല്‍ക്കാലത്തേക്ക് സമരം അവസാനിപ്പിച്ചതായി അറിയിച്ചു. നിലവിലെ എഫ്.ഐ.ആറില്‍ കൂടുതല്‍ ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്നും, പ്രതിയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ വീഡിയോ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തത്കാലം പിരിയുകയാണെന്നും വൈകിട്ട് തിരിച്ചെത്തി പൊലീസിന്റെ തുടര്‍നടപടികള്‍ പരിശോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
