Saturday, September 5, 2026

അലര്‍ജിയുള്ള കുട്ടിക്ക് പ്രവേശനം നിഷേധിച്ചു; മണ്‍ട്രിയോളിലെ ഡേ കെയറിന് 5,000 ഡോളര്‍ പിഴ

മണ്‍ട്രിയോള്‍: ഭക്ഷ്യ അലര്‍ജിയുള്ള കുട്ടിക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ച മണ്‍ട്രിയോളിലെ ഡേ കെയറിന് 5,000 ഡോളര്‍ പിഴ ചുമത്തി കെബെക്ക് ഹ്യൂമന്‍ റൈറ്റ്‌സ് ട്രൈബ്യൂണല്‍. കുട്ടിയുടെ ഗുരുതരമായ അലര്‍ജിയെ ഒരു വൈകല്യമായി കണക്കാക്കാമെന്നും, ഇതിന്റെ പേരില്‍ അഡ്മിഷന്‍ നിഷേധിച്ചത് മനുഷ്യാവകാശ ലംഘനവും വ്യക്തമായ വിവേചനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓഗസ്റ്റ് 18-ന് ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത്.

2021 നവംബറിലാണ് ഓട്ടവയില്‍ നിന്ന് മണ്‍ട്രിയോളിലേക്ക് താമസം മാറിയ കുടുംബം തങ്ങളുടെ രണ്ടര വയസ്സുള്ള മകനായി ‘ഈക്കോള്‍ മോണ്ടെസ്സോറി ഇന്റര്‍നാഷണല്‍ മോണ്‍ട്രിയോള്‍’ (École Montessori International Montreal) എന്ന ഡേ കെയറിനെ സമീപിച്ചത്. മുട്ട, എള്ള്, കശുവണ്ടി, നിലക്കടല, കടല, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയോട് കുട്ടിക്കുള്ള കഠിനമായ അലര്‍ജിയെക്കുറിച്ച് മാതാപിതാക്കള്‍ മാനേജ്മെന്റിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് കുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് അബദ്ധത്തില്‍ പോലും അലര്‍ജി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കുട്ടിയെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും ഡേ കെയര്‍ ഇമെയില്‍ വഴി മറുപടി നല്‍കി.

മറ്റ് ഡേ കെയറുകളില്‍ ചെയ്തതുപോലെ വീട്ടില്‍ നിന്ന് കുട്ടിക്ക് പ്രത്യേകം ഭക്ഷണം കൊടുത്തുവിടാമെന്ന് മാതാപിതാക്കള്‍ അറിയിച്ചെങ്കിലും, ഭക്ഷണ സമയത്ത് എല്ലാ കുട്ടികളെയും ഒരുമിച്ച് ശ്രദ്ധിക്കുന്നത് പ്രായോഗികമല്ലെന്ന് പറഞ്ഞ് സ്ഥാപനം ആ നിര്‍ദ്ദേശവും തള്ളുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കെബെക്കിലെ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് യൂത്ത് റൈറ്റ്‌സ് കമ്മീഷനില്‍ (ഇഉജഉഖ) പരാതി നല്‍കി. അന്വേഷണത്തില്‍ വിവേചനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് എത്തുകയായിരുന്നു.

41 കുട്ടികളെ പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ള സ്ഥാപനത്തില്‍ കേവലം 27 കുട്ടികള്‍ മാത്രമാണ് അന്ന് ഉണ്ടായിരുന്നതെന്നും, ഭക്ഷണ സമയത്ത് കുട്ടിക്ക് സുരക്ഷിതമായ അകലത്തില്‍ പ്രത്യേകം ഇരിക്കാന്‍ സൗകര്യമൊരുക്കുന്നത് ഡേ കെയറിന് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ജഡ്ജി ക്രിസ്റ്റീന ബ്രൂനെല്ല നിരീക്ഷിച്ചു.

കുട്ടിയുടെ അവകാശങ്ങള്‍ ലംഘിച്ചതിനും കുടുംബത്തിനുണ്ടായ കടുത്ത മാനസിക വിഷമത്തിനും നഷ്ടപരിഹാരമായി മാതാപിതാക്കള്‍ക്ക് 2,000 ഡോളര്‍ വീതവും കുട്ടിക്ക് 1,000 ഡോളറും നല്‍കാന്‍ ഡേ കെയറിനോടും അതിന്റെ ഡയറക്ടര്‍ സാന്ദ്ര ഗ്രേസ് ആല്‍ബേഴ്‌സിനോടും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കുട്ടിക്കുണ്ടായ വിവേചനത്തിന്റെ പരോക്ഷ ഇരകളാണ് മാതാപിതാക്കളെന്നും അതിനാല്‍ അവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ട്രൈബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!