ബ്രിട്ടിഷ് കൊളംബിയ: ബ്രിട്ടിഷ് കൊളംബിയയിലുള്ള ഷൂസ്വാപ്പ് (Shuswap) മേഖലയില്‍ കാല്നടയാത്രക്കാരന് നേരെ ഗ്രിസ്ലി കരടിയുടെ (Grizzly bear) ആക്രമണം. സിക്കാമസസിന് (Sicamous) സമീപമുള്ള ക്വസ്റ്റ് മൗണ്ടന്‍ ഫോറസ്റ്റ് സര്‍വീസ് റോഡിലൂടെ വളര്‍ത്തുനായയ്ക്കൊപ്പം നടക്കാന്‍ ഇറങ്ങിയ വ്യക്തിക്ക് നേരെയാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ആക്രമണമുണ്ടായത്. നായയെ ഓടിച്ച കരടി പിന്നീട് വ്യക്തിയെ ആക്രമിക്കുകയായിരുന്നു. നിസ്സാര പരുക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരടിയുടെ ഭാഗത്തുനിന്നുണ്ടായ സ്വയം പ്രതിരോധപരമായ ആക്രമണമായിരുന്നു ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനാല്‍ കരടിയെ പിടികൂടാനോ വേട്ടയാടാനോ ഉള്ള ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബി.സി കണ്‍സര്‍വേഷന്‍ ഓഫീസര്‍ സര്‍വീസ് അറിയിച്ചു. പ്രദേശത്ത് ഗ്രിസ്ലി കരടിയുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കടുത്ത വരള്‍ച്ച കാരണം ഭക്ഷണവും പഴങ്ങളും തേടി കരടികള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യമാണുള്ളത്. തണുപ്പുകാലത്തെ ഉറക്കത്തിന് (Hibernate) മുന്നോടിയായി കൊഴുപ്പ് സംഭരിക്കാന്‍ ശരത്കാലത്ത് കരടികള്‍ കൂടുതല്‍ സജീവമാകുമെന്നും അതിനാല്‍ ജനവാസ മേഖലകളിലും വനപാതകളിലും സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
