Sunday, September 6, 2026

അമേരിക്കയുടേത് ഉള്‍പ്പെടെ ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഹോര്‍മുസ് കടലിടുക്കില്‍ ബദല്‍ ജലപാത ഉപയോഗിച്ച മൂന്ന് എണ്ണക്കപ്പലുകളും അമേരിക്കയുമായി ബന്ധമുള്ള മറ്റ് മൂന്ന് കപ്പലുകളും ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് (IRGC) അവകാശപ്പെട്ടു. അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായാണ് ഖാര്‍ഗ് ദ്വീപിന് സമീപമുണ്ടായിരുന്ന ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകള്‍ അമേരിക്ക തകര്‍ത്തത്. ഖാര്‍ഗ് ദ്വീപിലെ ആക്രമണം വ്യക്തമായ യുദ്ധക്കുറ്റമാണെന്ന് ആരോപിച്ച ഇറാന്‍ വിദേശകാര്യ മന്ത്രാലയം, നാവിക ഉപരോധം തുടര്‍ന്നാല്‍ യുഎസ് പടക്കപ്പലുകള്‍ക്ക് നേരെ കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായാല്‍ അവരുടെ കൈവശമുള്ള മുഴുവന്‍ എണ്ണക്കപ്പലുകളും തകര്‍ത്തു തരിപ്പണമാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, തെക്കന്‍ ലെബനോണില്‍ ഇസ്രയേല്‍ തങ്ങളുടെ സൈനിക നടപടികള്‍ വരും ദിവസങ്ങളിലും തുടരുകയാണ്.

മേഖലയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണില്‍ ആശയവിനിമയം നടത്തി. അമേരിക്കയുമായി നടത്തിയ പുതിയ സമാധാനചര്‍ച്ചകളെക്കുറിച്ചും ഇനിയും പരിഹരിക്കപ്പെടാനുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!