കൊച്ചി: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനത്തിന് പിന്നിലെ ഇടപാടുകളുമായി
ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം (SIT).
സ്‌പോര്‍ട്‌സ് സെക്രട്ടറി എന്‍. പ്രശാന്തിന്റെ മൊഴിയും രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും രേഖകളും കായിക വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സംഘം വിപുലീകരിക്കാനും തീരുമാനിച്ചു.
മെസ്സിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങളുടെ മിനിറ്റ്‌സ് ഉള്‍പ്പെടെയുള്ള ചില സുപ്രധാന ഫയലുകള്‍ കാണാനില്ലെന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ രേഖകള്‍ കണ്ടെത്തി പരിശോധിക്കുന്നതിലാണ് അന്വേഷണസംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വകാര്യ പരിപാടിക്കായി സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും വഴിവിട്ട് ഇടപെട്ടുവെന്നും, വിദേശത്തേക്ക് പണം കൈമാറിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍, മുന്‍ ചീഫ് സെക്രട്ടറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവരുടെ വീഴ്ചകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. നിലവില്‍ പ്രാഥമിക വിവര ശേഖരണവും മൊഴിയെടുപ്പും പുരോഗമിക്കുകയാണെന്നും, രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും കേസില്‍ എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയെന്നും എസ്‌ഐടി വൃത്തങ്ങള്‍ അറിയിച്ചു.
