Sunday, September 6, 2026

സാധാരണക്കാര്‍ക്ക് ആശ്വാസം; ഈ മാസം രണ്ട് CRA ആനുകൂല്യങ്ങള്‍ അക്കൗണ്ടിലെത്തും

ഒന്റാരിയോ: ഒന്റാരിയോയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായി കാനഡ റെവന്യൂ ഏജന്‍സിയുടെ (CRA) രണ്ടു പ്രധാന സാമ്പത്തിക ആനുകൂല്യങ്ങള്‍ സെപ്റ്റംബര്‍ മാസത്തില്‍ ലഭ്യമാകും. ഒന്റാരിയോ ട്രില്ലിയം ബെനഫിറ്റ് (OTB), കാനഡ ചൈല്‍ഡ് ബെനഫിറ്റ് (CCB) എന്നിവയാണ് ഈ മാസത്തില്‍ വിതരണം ചെയ്യുന്നത്. 2026 ജൂലൈയില്‍ ആരംഭിച്ച പുതിയ ബെനഫിറ്റ് വര്‍ഷത്തിലെ മൂന്നാമത്തെ ഗഡുക്കളാണിത്. ഒന്റാരിയോ ട്രില്ലിയം ബെനഫിറ്റ് തുക സെപ്റ്റംബര്‍ 10 വ്യാഴാഴ്ചയും, കാനഡ ചൈല്‍ഡ് ബെനഫിറ്റ് തുക സെപ്റ്റംബര്‍ 18 വെള്ളിയാഴ്ചയും അക്കൗണ്ടുകളില്‍ നേരിട്ടെത്തും.

18 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കുള്ള നികുതിരഹിത പ്രതിമാസ സഹായമാണ് കാനഡ ചൈല്‍ഡ് ബെനഫിറ്റ്. പണപ്പെരുപ്പത്തിന് അനുസൃതമായി ജൂലൈയില്‍ വര്‍ദ്ധിപ്പിച്ച ഉയര്‍ന്ന നിരക്കിലാണ് സെപ്റ്റംബറിലും തുക ലഭിക്കുക. ഇതനുസരിച്ച് 6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം പരമാവധി $8,157 (പ്രതിമാസം $679.75 വരെ) ലഭിക്കും. 6 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം പരമാവധി $6,883 (പ്രതിമാസം $573.58 വരെ) ലഭിക്കും. ഡിസെബിലിറ്റി ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയുള്ള കുട്ടികള്‍ക്ക് പ്രതിമാസം $290 വരെ അധികമായി ലഭ്യമാകും. കുടുംബത്തിന്റെ 2025-ലെ അറ്റാദായം $38,237-ല്‍ കുറവുള്ളവര്‍ക്കാണ് ഇതിന്റെ പൂര്‍ണ്ണ ആനുകൂല്യം ലഭിക്കുക.

മൂന്ന് പ്രവിശ്യാ നികുതി ആനുകൂല്യങ്ങള്‍ സംയോജിപ്പിച്ചു നല്‍കുന്ന ഒന്റാരിയോ ട്രില്ലിയം ബെനഫിറ്റ്, അക്കൗണ്ടുകളില്‍ ‘Canada PRO Deposit’ എന്ന പേരിലാണ് എത്തുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന ഒന്റാരിയോ സെയില്‍സ് ടാക്‌സ് ക്രെഡിറ്റ് വഴി വ്യക്തികള്‍ക്കും കുട്ടികള്‍ക്കും പ്രതിവര്‍ഷം പരമാവധി $378 വരെ ലഭിക്കും. എനര്‍ജി ആന്‍ഡ് പ്രോപ്പര്‍ട്ടി ടാക്‌സ് ക്രെഡിറ്റ് വഴി 18 മുതല്‍ 64 വയസ്സു വരെയുള്ളവര്‍ക്ക് പരമാവധി $1,307, മുതിര്‍ന്ന പൗരന്മാര്‍ക്ക് $1,488 വരെ ലഭിക്കും. വടക്കന്‍ ഒന്റാരിയോ നിവാസികള്‍ക്കുള്ള എനര്‍ജി ക്രെഡിറ്റ് വഴി ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് $189, കുടുംബങ്ങള്‍ക്ക് $290 എന്നിങ്ങനെ അധികമായി ലഭിക്കും. വാര്‍ഷിക ആനുകൂല്യം $500 അല്ലെങ്കില്‍ അതില്‍ കുറവുള്ളവര്‍ക്ക് ജൂലൈയില്‍ ഒറ്റത്തവണയായി നല്‍കിയതിനാല്‍, $500-ന് മുകളിലുള്ളവര്‍ക്കായിരിക്കും പ്രതിമാസ ഗഡുക്കള്‍ ലഭിക്കുക.

2025-ലെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് CRA ഈ തുക കണക്കാക്കുന്നത്. നിങ്ങളോ പങ്കാളിയോ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ പേയ്മെന്റുകള്‍ തടസ്സപ്പെടാം. അതേസമയം, സെപ്റ്റംബറില്‍ കാനഡ ഗ്രോസറീസ് ആന്‍ഡ് എസന്‍ഷ്യല്‍സ് ബെനഫിറ്റ്, അഡ്വാന്‍സ്ഡ് കാനഡ വര്‍ക്കേഴ്സ് ബെനഫിറ്റ് എന്നിവയുടെ പേയ്മെന്റുകള്‍ ഉണ്ടായിരിക്കില്ല. ഗ്രോസറീസ് ബെനഫിറ്റിന്റെ അടുത്ത ഗഡു ഒക്ടോബറിലാണ് ലഭിക്കുക. നിശ്ചിത തീയതി കഴിഞ്ഞ് ചൈല്‍ഡ് ബെനഫിറ്റിന് 5 പ്രവൃത്തിദിവസവും, ട്രില്ലിയം ബെനഫിറ്റിന് 10 പ്രവൃത്തിദിവസവും കാത്തിരുന്ന ശേഷം തുക ലഭിച്ചില്ലെങ്കില്‍ മാത്രം CRA-യുമായി ബന്ധപ്പെടുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!