ടെഹ്‌റാന്‍: അമേരിക്കന്‍ നാവിക ഉപരോധം ശക്തമായി തുടരുന്നതിനിടെ, ഹോര്‍മൂസ് കടലിടുക്കില്‍ കൂടുതല്‍ ആധിപത്യം ഉറപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ഇറാന്‍. ഒമാനുമായി ചേര്‍ന്ന് പ്രത്യേക സമുദ്രപാത ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇറാന്റെ പരമാധികാര ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഈ പാതയൊഴികെയുള്ള ഹോര്‍മൂസിലെ മറ്റു മേഖലകളെല്ലാം നിരോധിത മേഖലകളായി പ്രഖ്യാപിക്കാനാണ് തീരുമാനം. നിരോധിത മേഖലയില്‍ പ്രവേശിക്കുന്ന കപ്പലുകള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തും. തങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അമേരിക്ക പൂര്‍ണമായി അംഗീകരിക്കുന്നതുവരെ ഹോര്‍മൂസ് ഭാഗികമായി മാത്രമേ തുറന്നുനല്‍കൂ എന്നാണ് ഇറാന്റെ നിലപാട്.

മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെ, അമേരിക്കന്‍ പടക്കപ്പലിന് നേരെ തങ്ങളുടെ പുതിയ കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. കൂടാതെ, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി വഴി കടന്നുകയറാന്‍ ശ്രമിച്ച, അമേരിക്കന്‍ ആയുധങ്ങളേന്തിയ ഭീകരസംഘത്തെ പിടികൂടിയതായും ഇറാന്‍ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക ഉപരോധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും വിലക്കയറ്റവും മറികടക്കാന്‍ ആഭ്യന്തര ഇന്ധന ഉപഭോഗത്തില്‍ ഇറാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ പ്രതിമാസം 110 ലിറ്ററിന് മുകളില്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും.
