Monday, September 7, 2026

‘എഴുന്നേല്‍ക്കൂ ഗവര്‍ണര്‍’: മാര്‍ക്ക് കാര്‍ണിക്കെതിരെ ഹോക്കി കാര്‍ട്ടൂണുമായി ട്രംപിന്റെ അധിക്ഷേപം

ഓട്ടവ: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചു. ട്രൂത്ത് സോഷ്യലിലാണ് (Truth Social) ഇരുനേതാക്കളും ഐസ് ഹോക്കി കളിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രം ട്രംപ് പോസ്റ്റ് ചെയ്തത്. യു.എസ്. എ. ഹോക്കി ജേഴ്‌സി ധരിച്ച ട്രംപ്, കളിയിടത്തില്‍ ഐസില്‍ വീണുകിടക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോട് ‘എഴുന്നേല്‍ക്കൂ, ഗവര്‍ണര്‍’ (Get up, governor) എന്ന് പറയുന്നതാണ് ചിത്രത്തിലുള്ളത്.

കാനഡയെ യു.എസിന്റെ 51-ാമത് സംസ്ഥാനമായി ട്രംപ് പലപ്പോഴും പരാമര്‍ശിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ ‘ഗവര്‍ണര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും ട്രംപ് ‘ഗവര്‍ണര്‍ ട്രൂഡോ’ എന്ന് വിളിച്ചിരുന്നു.

ഇതിനുപുറമെ, യു.എസ്. ഡോളറും കനേഡിയന്‍ ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലെ വ്യത്യാസം അംഗീകരിക്കാനാകില്ലെന്നും വര്‍ഷങ്ങളായി തുടരുന്ന ഈ അവസ്ഥ ഇനി അനുവദിക്കില്ലെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍ ഈ പരാമര്‍ശത്തിന് കാര്‍ണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയ പുതിയ താരിഫുകള്‍ നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപിന്റെ ഈ നീക്കം. 700-ലധികം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ഏകദേശം 28 ബില്യണ്‍ ഡോളറിന്റെ താരിഫാണ് കാനഡ ചുമത്തുന്നത്. ഓഗസ്റ്റ് അവസാനത്തോടെ വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് കാനഡയുടെ പുതിയ നടപടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!