നോവസ്കോഷ: കേപ് ബ്രെറ്റണ്‍ ഐലന്‍ഡിന്റെ (Cape Breton Island) വടക്കന്‍ മേഖലകളില്‍ ശക്തമായ മഴ തുടരുമെന്ന് എന്‍വയോണ്‍മെന്റ് കാനഡ. മുന്‍ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ മണ്ണിലെ വെള്ളം ആഗിരണം ചെയ്യാനുള്ള ശേഷി കുറഞ്ഞ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. മേഖലയില്‍ ആകെ 25 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ചിലയിടങ്ങളില്‍ ഇതിലും ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചേക്കുമെന്നുംകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വാരാന്ത്യത്തില്‍ പെയ്ത കനത്ത മഴയില്‍ കേപ് ബ്രെറ്റണ്‍ ദ്വീപിലും വടക്കന്‍ കനാല്‍ മേഖലകളിലും റോഡുകളും പാലങ്ങളും സംരക്ഷണ ഭിത്തികളും തകര്‍ന്നിരുന്നു. റിച്ച്മണ്ട് കൗണ്ടിയില്‍ (Richmond County) പ്രളയത്തിലായ പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 46കാരിയായ സ്ത്രീയെ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രാദേശിക അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രവിശ്യയിലെ എമര്‍ജന്‍സി മാനേജ്മെന്റ് വിഭാഗം വ്യക്തമാക്കി.
