Tuesday, September 8, 2026

‘ഇറാനുമായുള്ള യുദ്ധം അവസാനിച്ചാല്‍ ഇന്ധനവില കുത്തനെ കുറയും’; ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ യു.എസ് വിജയം നേടുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതോടെ മറ്റ് സാധനങ്ങളുടെ വില കുറയുന്നതുപോലെ എണ്ണവിലയും ഗണ്യമായി താഴുമെന്നും, അമേരിക്കയില്‍ ഇന്ധനവില ഗാലന് മൂന്ന് ഡോളറിലേക്കും പിന്നീട് രണ്ട് ഡോളറില്‍ താഴെയിലേക്കും വരെ എത്തിയേക്കുമെന്നും അദ്ദേഹം ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചു. കാര്യങ്ങള്‍ അതിവേഗം സംഭവിക്കുമെന്നും ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മ്മിക്കില്ലെന്നും കൂട്ടിച്ചേര്‍ത്ത ട്രംപ്, തന്റെ പ്രശസ്തമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന മുദ്രാവാക്യത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം, എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഗള്‍ഫ് മേഖലയിലെ യു.എസ് എണ്ണ-വാതക കമ്പനികള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസില്‍ ഒമാനുമായി ധാരണയിലെത്തിയ കപ്പല്‍ റൂട്ടും കടലിടുക്കിന് സമീപം നിയന്ത്രിത പ്രദേശവും ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹോര്‍മുസ് പ്രതിസന്ധി തുടര്‍ന്നാല്‍ ആഗോള ഊര്‍ജ്ജ-സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുമെന്ന് ഖത്തറും മുന്നറിയിപ്പ് നല്‍കി. നിലവില്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 98 ഡോളറിലെത്തി നില്‍ക്കുകയാണ്. എന്നാല്‍, ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം തടഞ്ഞ് ആഗോള സമ്പദ്വ്യവസ്ഥയെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങള്‍ക്കെതിരെ നിര്‍ണായക നടപടികള്‍ തുടരുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!