തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. സാധാരണയെക്കാള്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കൊല്ലം പുനലൂരില്‍ 36.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. കടുത്ത ചൂടിനൊപ്പം രാത്രികാലങ്ങളിലെ പവര്‍കട്ട് കൂടിയായതോടെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പല പ്രദേശങ്ങളിലും രാത്രി രണ്ട് തവണ വരെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താതെ മുന്നോട്ടുപോകാനാവില്ലെന്ന വിലയിരുത്തലിലാണ് കെ.എസ്.ഇ.ബി. വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കും. പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ കടുത്ത കുറവുണ്ടായിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ദേശീയതലത്തില്‍ നേരിടുന്ന 12,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇതുവരെ പരിഹരിക്കാന്‍ സാധിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
