കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് കോളജിൽ പ്രവേശിക്കരുതെന്നും വിദ്യാർഥികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയായിരുന്നു.
കോടതി അനുമതിയോടെയാണ് ജൂലൈ 24ന് ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അഭിഭാഷകനൊപ്പം കീഴടങ്ങുന്നതിനായി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് കുടകിൽ നിന്ന് റാമിനെ കസ്റ്റഡിയിലെടുത്തത്.

ഏപ്രിൽ 10നാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി നിതിൻ രാജ് മരിച്ചത്. സംഭവത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഏപ്രിൽ 30നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
