Thursday, September 10, 2026

‘വീണാ വിജയനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം’; ED നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്. വീണാ വിജയൻ സിഎംആർഎലിൽ നിന്ന് നിയമപരമായ രീതിയിലാണ് പണം സ്വീകരിച്ചതെന്നും അതിന് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

വീണാ വിജയന് ലഭിച്ച പണം ‘മാസപ്പടി’യായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും സേവനം നൽകിയിട്ടില്ലെന്ന വാദം തെറ്റാണെന്നും റിയാസ് ആരോപിച്ചു. വീണാ വിജയൻ വിഷയത്തിൽ മൗനം പാലിച്ചതിനെ തെറ്റിന്റെ തെളിവായി ചിത്രീകരിക്കുന്നതും ശരിയല്ലെന്നും പ്രതികരിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യം പുറത്തുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് വീണാ വിജയൻ മൗനം പാലിച്ചതെന്നും റിയാസ് പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വീണാ വിജയനെതിരെ ഇ ഡി വ്യാജ മൊഴികൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പിണറായി വിജയന്റെ മകളായതിനാലാണ് അവരെ നിരന്തരം വേട്ടയാടുന്നതെന്നും റിയാസ് ആരോപിച്ചു. വിവിധ വീടുകളിൽ നടത്തിയ പരിശോധനകളിൽ നിന്ന് കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സുഹൃത്ത് ഹസൻ വാരിസിനെ ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചുവെന്നും റിയാസ് ആരോപിച്ചു. വാരിസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് പിണറായി വിജയനുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നാണ് റിയാസിന്റെ ആരോപണം.

പിണറായി വിജയനുമായി ബന്ധമില്ലെന്ന് വാരിസ് വ്യക്തമാക്കിയപ്പോൾ വീണാ വിജയന്റെ ഇടപാടുകളെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ടെന്നും അതിനും തയ്യാറാകാതിരുന്നപ്പോൾ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് റിയാസ് പറഞ്ഞത്. ഒടുവിൽ തന്റെ പേര് പറയേണ്ടിവന്നതായും പിന്നീട് മാനസികമായി ബുദ്ധിമുട്ടിലായ വാരിസ് ഇ ഡിക്ക് കത്ത് നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, തന്റെ ദുബൈ സന്ദർശനങ്ങളെ ഹവാല ഇടപാടുകളുമായി ബന്ധിപ്പിച്ചുള്ള ആരോപണങ്ങളും റിയാസ് തള്ളി. വീണാ വിജയനും താനും നിരവധി തവണ ദുബൈ സന്ദർശിച്ചിട്ടുണ്ടെന്നും ദുബൈയിലേക്ക് പോകുന്ന എല്ലാവരെയും ഹവാല ഇടപാടുകളുമായി ബന്ധപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“ജീവിച്ചിരിക്കുന്ന തന്റെ ഇറച്ചി കടിച്ചുതിന്നുന്ന രീതിയിലുള്ള വേട്ടയാടലാണ് ഇപ്പോൾ നടക്കുന്നത്“ എന്നായിരുന്നു ഇ ഡി നടപടികളെ വിമർശിച്ചുകൊണ്ടുള്ള റിയാസിന്റെ പരാമർശം. ഭീഷണിപ്പെടുത്തി ആരിൽനിന്നും എന്ത് മൊഴി നേടിയാലും അവസാനം സത്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജൻസികളുടെ നടപടികളെ നിയമപരമായി നേരിടുമെന്നും ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഭയമില്ലെന്നും റിയാസ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാർ ഇ ഡിയെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!