ഡല്‍ഹി: ഭാരത് മണ്ഡപത്തില്‍ ഇന്ത്യ – റഷ്യ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചു. കൂടിക്കാഴ്ചയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘തിരുക്കുറലിന്റെ’ റഷ്യന്‍ പരിഭാഷ സമ്മാനിച്ചു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കുക, വ്യാവസായിക-വ്യവസായ സംരംഭങ്ങള്‍ വിപുലീകരിക്കുക, റെയില്‍വേ, തുരങ്ക നിര്‍മ്മാണം, ഊര്‍ജ്ജ-ആണവ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. നിര്‍ണായക ധാതുക്കളുടെ കൈമാറ്റം, അപൂര്‍വ മണ്ണുലോഹങ്ങളുടെ ഉല്‍പ്പാദനം, തൊഴില്‍പരമായ യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയും ഇരുരാജ്യങ്ങളുടെയും പരിഗണനയിലുണ്ട്.

റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ സുഖോയ് എസ് യു-57 (Su-57) ഇന്ത്യയ്ക്ക് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുമെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. ഇതിനുപുറമേ സിവിലിയന്‍ വിമാനങ്ങളായ IL-114, സുഖോയ് സൂപ്പര്‍ജെറ്റ് 100 എന്നിവ ഇന്ത്യയില്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കേന്ദ്ര മന്ത്രി കിഞ്ചരാപ്പു രാംമോഹന്‍ നായിഡു വ്യക്തമാക്കി. പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ പുടിന്‍, റഷ്യ-യുക്രൈന്‍ യുദ്ധത്തിനുശേഷം ആദ്യമായാണ് നേരിട്ട് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒരു വിദേശരാജ്യത്തെത്തുന്നത്.
