തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ആവശ്യമായാൽ ഉയർന്ന വില നൽകിയും വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയത്.
സെപ്റ്റംബർ മാസത്തിലെ വർധിച്ച വൈദ്യുതി ആവശ്യകത നേരിടാൻ നിലവിൽ വൈദ്യുതി വാങ്ങുക മാത്രമാണ് പ്രധാന പോംവഴിയെന്നാണ് സർക്കാർ വിലയിരുത്തൽ. ആവശ്യമായാൽ യൂണിറ്റിന് 20 രൂപ വരെ നൽകേണ്ടിവന്നാലും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് കെഎസ്ഇബിയോട് നിർദേശിച്ചതായാണ് വിവരം.
ചീഫ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വിപണിയിൽ ഉയർന്ന നിരക്കിൽ വൈദ്യുതി ലഭ്യമാണോ, ലഭ്യമെങ്കിൽ എത്ര അളവിൽ വാങ്ങാൻ കഴിയുമെന്നതടക്കമുള്ള കാര്യങ്ങൾ കെഎസ്ഇബി പരിശോധിക്കും.
അതേസമയം, ഒക്ടോബർ 2026 മുതൽ 2027 മെയ് വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ശരാശരി യൂണിറ്റിന് 10.04 രൂപയിൽ കവിയാത്ത നിരക്കിൽ വൈദ്യുതി വാങ്ങാനാണ് അനുമതി.

വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ യൂണിറ്റിന് പരമാവധി 12.50 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാം. ഇതോടെ ഒക്ടോബർ മുതലുള്ള വൈദ്യുതി ലഭ്യത സംബന്ധിച്ച് കെഎസ്ഇബിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
എന്നാൽ, റെഗുലേറ്ററി കമ്മീഷന്റെ അനുമതി ഒക്ടോബർ മുതലുള്ള കരാറുകൾക്കാണ് ബാധകമാകുന്നത്. അതിനാൽ സെപ്റ്റംബർ മാസത്തിലെ ഉയർന്ന വൈദ്യുതി ആവശ്യകത എങ്ങനെ നിറവേറ്റുമെന്നതാണ് കെഎസ്ഇബിക്ക് മുന്നിലുള്ള അടിയന്തര വെല്ലുവിളി.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം തുടർച്ചയായി ഉയർന്ന നിലയിലാണ്. ഇന്നലെ മാത്രം 96.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തി. പരമാവധി വൈദ്യുതി ആവശ്യകത 4,676 മെഗാവാട്ട് വരെയെത്തി.
ഉപഭോഗം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ലഭ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തി വൈദ്യുതി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഒക്ടോബർ മുതലുള്ള ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അനുമതി ലഭിച്ചതോടെ പ്രതിസന്ധിക്ക് ഭാഗിക പരിഹാരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
