ടൊറന്റോ: സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ പ്രമുഖ ബ്രാൻഡിന്റെ വറുത്ത നിലക്കടല വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. എവറസ്റ്റ് ട്രേഡേഴ്സ് പുറത്തിറക്കിയ ‘റോസ്റ്റഡ് ലെമൺ എൻ ചില്ലി പീനട്സ്’ (Roasted Lemon N’ Chilli Peanuts) എന്ന ഉൽപ്പന്നമാണ് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) വിപണിയിൽ നിന്ന് പിൻവലിച്ചത്.
കെബെക്, ഒന്റാരിയോ മേഖലകളിൽ വിതരണം ചെയ്ത 65 ഗ്രാം പാക്കറ്റുകൾക്കാണ് തിരിച്ചുവിളിക്കൽ ബാധകമാകുന്നത്. 2027 ജൂൺ 30 വരെ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളാണ് മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലാബ് പരിശോധനയിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി സിഎഫ്ഐഎ (CFIA) റീകാൾ നോട്ടീസ് പുറപ്പെടുവിച്ചത്. ഈ ബാച്ചിലുള്ള ഉൽപ്പന്നം കൈവശമുള്ളവർ അത് കഴിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് അധികൃതർ നിർദേശിച്ചു. ഉൽപ്പന്നം വാങ്ങിയവർ കടയിൽ തിരികെ നൽകണമെന്നും നിർദേശമുണ്ട്.
നിലവിൽ തിരിച്ചുവിളിച്ച ഉൽപ്പന്നം കഴിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ലക്ഷണങ്ങളിൽ ജാഗ്രത വേണം
സാൽമൊണെല്ല ബാധിച്ച ഭക്ഷണത്തിന് കാഴ്ചയിലോ മണത്തിലോ രുചിയിലോ മാറ്റമുണ്ടാകണമെന്നില്ല. എന്നാൽ ഇത്തരം ഭക്ഷണം കഴിക്കുന്നത് വയറിളക്കം, പനി, വയറുവേദന, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾക്ക് കാരണമാകാം.
തിരിച്ചുവിളിച്ച ഉൽപ്പന്നം കഴിച്ച ശേഷം രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണമെന്നും, സാൽമൊണെല്ല ബാധിക്കാവുന്ന ഭക്ഷണം കഴിച്ചതായി ഡോക്ടറെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.
