വാഷിങ്ടൺ: സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണത്തിന് വർഷങ്ങൾക്കുമുമ്പ് അൽഖ്വായ്ദ തലവൻ ഒസാമ ബിൻ ലാദൻ ആക്രമണത്തിന് പരിഗണിച്ചിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നതായി പുതുതായി പുറത്തുവിട്ട യുഎസ് രഹസ്യരേഖകൾ. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
1998 മുതൽ 2001 വരെയുള്ള കാലയളവിൽ അമേരിക്കൻ പ്രസിഡന്റുമാർക്ക് നൽകിയ 70-ലധികം പ്രസിഡൻഷ്യൽ ഇന്റലിജൻസ് റിപ്പോർട്ടുകളാണ് സിഐഎ പുറത്തുവിട്ടത്. 1998 ഓഗസ്റ്റ് 28-ലെ ഒരു റിപ്പോർട്ടിൽ ഇന്ത്യയ്ക്കൊപ്പം പാകിസ്താൻ, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യമൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളും ബിൻ ലാദൻ ആക്രമണത്തിന് പരിഗണിച്ചിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി പറയുന്നു. നൈജീരിയയെയും സാധ്യതയുള്ള മറ്റൊരു ലക്ഷ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇന്ത്യയിലെ ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തെക്കുറിച്ചോ ആക്രമണം എപ്പോൾ, എങ്ങനെ നടത്തുമെന്നതിനെക്കുറിച്ചോ രേഖകളിൽ വിശദാംശങ്ങളില്ല.
9/11ന് മുമ്പേ ബിൻ ലാദൻ ഭീഷണി
‘Bin Ladin Terrorist Network Still a Threat’ എന്ന തലക്കെട്ടിലുള്ള 1998 ഓഗസ്റ്റിലെ റിപ്പോർട്ട് അഫ്ഗാനിസ്താനിലെ അൽഖ്വായ്ദ ക്യാമ്പുകൾക്കെതിരായ യുഎസ് മിസൈൽ ആക്രമണത്തിന് പിന്നാലെ ബിൻ ലാദന്റെ ശൃംഖലയുടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതായിരുന്നു.

അമേരിക്കൻ ആക്രമണങ്ങൾക്കിടയിലും ബിൻ ലാദനും മറ്റ് അൽഖ്വായ്ദ നേതാക്കളും രക്ഷപ്പെട്ടെന്നും അവരുടെ ആശയവിനിമയ ശൃംഖല തകർന്നിട്ടില്ലെന്നും റിപ്പോർട്ട് വിലയിരുത്തി. ചില പരിശീലന ക്യാമ്പുകളിൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും ചില ക്യാമ്പുകൾ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റിയതായും രേഖകൾ സൂചിപ്പിക്കുന്നു.
കുറഞ്ഞത് 60 രാജ്യങ്ങളിലെ വ്യക്തികളെയും സഖ്യസംഘടനകളെയും ആക്രമണങ്ങൾക്കായി ബിൻ ലാദന് ഉപയോഗിക്കാൻ കഴിയുമെന്ന മുന്നറിയിപ്പും യുഎസ് ഇന്റലിജൻസ് നൽകിയിരുന്നു.
9/11ന് മുമ്പ് ആവർത്തിച്ച് മുന്നറിയിപ്പുകൾ
1998 മുതൽ 2001 വരെയുള്ള കാലയളവിൽ ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ് ഭരണകൂടങ്ങൾക്ക് നൽകിയ ഇന്റലിജൻസ് റിപ്പോർട്ടുകളിൽ ബിൻ ലാദൻ ഉയർത്തുന്ന ഭീഷണി ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.
2001 സെപ്റ്റംബർ 11ന് അൽഖ്വായ്ദ അമേരിക്കൻ മണ്ണിൽ നടത്തിയ ഏറ്റവും വലിയ ഭീകരാക്രമണത്തിന് മുമ്പ് തന്നെ ഭീഷണിയെക്കുറിച്ച് യുഎസ് ഭരണകൂടത്തിന് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെന്നതിലേക്കാണ് പുതിയ രേഖകൾ കൂടുതൽ വെളിച്ചം വീശുന്നത്.
2001 സെപ്റ്റംബർ 11ന് സംഭവിച്ചത്
2001 സെപ്റ്റംബർ 11ന് 19 അൽഖ്വായ്ദ ഭീകരർ നാല് യാത്രാവിമാനങ്ങൾ തട്ടിയെടുത്തു. രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറി. മറ്റൊരു വിമാനം വാഷിങ്ടണിന് സമീപമുള്ള പെന്റഗണിൽ ഇടിച്ചു.
നാലാമത്തെ വിമാനം യാത്രക്കാർ ഭീകരർക്കെതിരെ നടത്തിയ പ്രതിരോധത്തിനിടെ പെൻസിൽവാനിയയിലെ വയലിൽ തകർന്നുവീണു. വിമാനം വൈറ്റ് ഹൗസിനെയോ യുഎസ് ക്യാപിറ്റലിനെയോ ലക്ഷ്യമിട്ടതായാണ് കരുതുന്നത്.
ആക്രമണങ്ങളിൽ ഏകദേശം 3,000 പേർ കൊല്ലപ്പെട്ടു. തുടർന്ന് അഫ്ഗാനിസ്താനിലെ യുഎസ് അധിനിവേശമുൾപ്പെടെയുള്ള ‘ഭീകരതയ്‌ക്കെതിരായ യുദ്ധ’ത്തിന് ഇത് വഴിതുറന്നു. 2011ൽ പാകിസ്താനിലെ അബോട്ടാബാദിൽ യുഎസ് സൈനിക നടപടി വഴി ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടു.
