വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേയിൽ വാടകക്കാരനെ ഉപദ്രവിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇന്ത്യൻ വംശജയായ വീട്ടുടമ രംഗത്ത്. വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വീട്ടുടമയുടെ വിശദീകരണം.
വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചതായി വീട്ടുടമയായ രാജ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.
വാടകക്കാരനുമായി മാസങ്ങളായി തർക്കം നിലനിന്നിരുന്നുവെന്നാണ് വീട്ടുടമയുടെ വിശദീകരണം. വാടകക്കാരൻ മാസങ്ങളായി വാടക നൽകിയിരുന്നില്ലെന്നും തന്നെ ഉപദ്രവിക്കുകയും താമസസ്ഥലത്ത് കേടുപാടുകൾ വരുത്തുകയും ചെയ്തതായും അവർ ആരോപിച്ചു.
തനിക്കെതിരെ പ്രചരിച്ച വീഡിയോകൾ പത്തുദിവസത്തിലേറെ മുമ്പ് ചിത്രീകരിച്ചതാണെന്നും കഴിഞ്ഞ ദിവസങ്ങളിലാണ് അവ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതെന്നും രാജ് പറഞ്ഞു. വാടകക്കാരനുമായുള്ള തർക്കത്തിൽ ടെനൻസി ബോർഡിനെ സമീപിച്ചിരുന്നുവെന്നും ബോർഡിന്റെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞയാഴ്ച വാടകക്കാരെ ഒഴിപ്പിച്ചെന്നും അവർ വ്യക്തമാക്കി.
വാടകക്കാരെ ഒഴിപ്പിച്ചതിന് പിന്നാലെയാണ് തനിക്കെതിരായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്നും രാജ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അപ്പോൾത്തന്നെ വിട്ടയച്ചതായും അവർ വ്യക്തമാക്കി. തന്നെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് ലഭിച്ച വിവരങ്ങൾ എന്താണെന്ന് അറിയില്ലെന്നും രാജ് പറഞ്ഞു.

സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഇടപെട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും വീട്ടുടമ വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി തനിക്ക് പിന്തുണ നൽകുന്ന നിരവധി ഉപഭോക്താക്കൾ സംഭവത്തിന് പിന്നാലെ വീട്ടിലെത്തി പിന്തുണ അറിയിച്ചതായും അവരോട് നന്ദിയുണ്ടെന്നും രാജ് പറഞ്ഞു.
അതേസമയം, വാടകക്കാരൻ ബാർബിക്യു ഗ്രില്ലിൽ ബീഫ് (Steak) പാകം ചെയ്തതിനെ വീട്ടുടമസ്ഥ എതിർത്തതായും, ഇതേത്തുടർന്നുണ്ടായ വർഗീയ തർക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിലെ അവകാശവാദം.എന്നാൽ ഈ സംഭവത്തിന് യാതൊരുവിധ മതപരമോ പ്രത്യയശാസ്ത്രപരമോ ആയ പശ്ചാത്തലമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വാടകക്കാരൻ ഉപയോഗിച്ച ബാർബിക്യു ഗ്രിൽ കാരണം വീടിന്റെ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു എന്നതിനെച്ചൊല്ലി ഇരുവർക്കുമിടയിൽ ദീർഘനാളായി തർക്കം നിലനിന്നിരുന്നു. തുടർന്ന് വാടകക്കാരന്റെ അനുവാദമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറുക, വൈദ്യുതി ബന്ധം വിച്ഛേദിക്കുക, വാതിലിന്റെ പൂട്ടുകൾ മാറ്റുക, വസ്തുവകകൾ നശിപ്പിക്കാൻ ശ്രമിക്കുക തുടങ്ങിയ നിരന്തരമായ ഉപദ്രവങ്ങൾ വീട്ടുടമസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതായി പൊലീസ് കണ്ടെത്തി. ഈ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ് തിവാനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.വിഷയത്തിന് വർഗീയ സ്വഭാവം നൽകി സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കനേഡിയൻ അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.
