ഓട്ടവ: കാനഡയിലെ ഡിസബിലിറ്റി ബെനഫിറ്റിന് (സി.ഡി.ബി) അര്‍ഹരായവര്‍ക്ക് 2026 സെപ്റ്റംബര്‍ മാസത്തില്‍ പരമാവധി 354.20 കനേഡിയന്‍ ഡോളര്‍ വരെ ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രതിമാസ തുകയായ 204.20 ഡോളറിനൊപ്പം 150 ഡോളറിന്റെ ഒറ്റത്തവണ ധനസഹായവും ചേര്‍ത്താണ് ഈ തുക നല്‍കുന്നത്. സെപ്റ്റംബര്‍ 17-ന് തുക അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുമെന്ന് തൊഴില്‍ മന്ത്രി പാറ്റി ഹാജ്ദു വ്യക്തമാക്കി. 2025 ജൂലൈയില്‍ പദ്ധതി ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു മാസത്തില്‍ രണ്ട് സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒന്നിച്ചു വിതരണം ചെയ്യുന്നത്.
ഡിസബിലിറ്റി ടാക്‌സ് ക്രെഡിറ്റിനായി അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും വരുന്ന ഡോക്ടര്‍ പരിശോധനാ ചെലവുകള്‍ പരിഹരിക്കാനാണ് 150 ഡോളറിന്റെ അധിക സഹായം. 2025 ജൂലൈ മുതല്‍ 2026 ജൂണ്‍ വരെ ഒരു തവണയെങ്കിലും ആനുകൂല്യം ലഭിച്ച എല്ലാവര്‍ക്കും ഇതിന് അര്‍ഹതയുണ്ട്. പുതുതായി ചേരുന്നവര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി തുക വിതരണം ചെയ്യും. 2.1 ശതമാനം പ്രതിമാസ വര്‍ധനവോടെ നിലവില്‍ പ്രതിവര്‍ഷം പരമാവധി 2,450.40 ഡോളര്‍ വരെയാണ് പദ്ധതി വഴി ലഭിക്കുക.

18-നും 64-നും ഇടയില്‍ പ്രായമുള്ള കാനഡയിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാര്‍ക്കാണ് ഈ സഹായത്തിന് അര്‍ഹത. ഇവര്‍ 2025-ലെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരും സാധുവായ ഡിസബിലിറ്റി ടാക്‌സ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വാര്‍ഷിക വരുമാന പരിധി 23,483 ഡോളറും ദമ്പതികളുടേത് 33,182.50 ഡോളറുമാണ്. ‘Canada.ca’ എന്ന വെബ്‌സൈറ്റ് വഴിയോ, 1-833-486-3007 എന്ന നമ്പറിലോ, സര്‍വീസ് കാനഡ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം.
