Monday, September 14, 2026

U.S വ്യാപാര തർക്കം ശക്തം; ചൈനയിലേക്കുള്ള കാനഡയുടെ കയറ്റുമതിയിൽ 30% വർധന

ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ ശക്തമാകുന്നതിനിടെ ചൈനയിലേക്കുള്ള കാനഡയുടെ കയറ്റുമതിയിൽ വൻ വർധന. 2026ന്റെ ആദ്യ പകുതിയിൽ ചൈനയിലേക്കുള്ള കനേഡിയൻ കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം ഉയർന്ന് 21.74 ബില്യൺ ഡോളറിൽ എത്തിയിരിക്കുകയാണ്. കാനഡ-ചൈന ബിസിനസ് കൗൺസിലും (Canada-China Business Council) യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയുടെ ചൈന ഇൻസ്റ്റിറ്റ്യൂട്ടും പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്

ചൈനയിലേക്കുള്ള കനേഡിയൻ കയറ്റുമതിയുടെ പ്രധാന പങ്ക് ഊർജ ഉൽപ്പന്നങ്ങളും ഖനിജങ്ങളുമാണ്. മൊത്തം ആഭ്യന്തര കയറ്റുമതിയുടെ 58.4 ശതമാനവും ഈ വിഭാഗങ്ങളിൽ നിന്നാണ്. ക്രൂഡ് ഓയിൽ, ദ്രവീകൃത പ്രൊപ്പെയ്ൻ തുടങ്ങിയ ഊർജ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മാത്രം 81.8 ശതമാനം വർധന രേഖപ്പെടുത്തി. ചെമ്പ് അയിര് ഉൾപ്പെടെയുള്ള ലോഹ അയിരുകളുടെയും അലോഹ ഖനിജങ്ങളുടെയും കയറ്റുമതി 29 ശതമാനം ഉയർന്നു.

ചൈനയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാൻ കാനഡ

അമേരിക്കയുമായുള്ള വ്യാപാരബന്ധം വഷളായ സാഹചര്യത്തിൽ കയറ്റുമതി വിപണികൾ വൈവിധ്യവത്കരിക്കാനുള്ള കാനഡയുടെ ശ്രമങ്ങൾക്ക് ചൈനയുമായുള്ള വ്യാപാര വളർച്ച നിർണായകമാകുകയാണ്.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കനേഡിയൻ വിപണിയിൽ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ധാരണയിലെത്തിയിരുന്നു. ഇതിന് പകരമായി കാനോള വിത്തുകളുടെ തീരുവ കുറയ്ക്കാനും കാനോള മീൽ, പയർവർഗങ്ങൾ എന്നിവയുടെ തീരുവ താൽക്കാലികമായി ഒഴിവാക്കാനും ചൈന തയ്യാറായി. ഇത് കനേഡിയൻ കർഷകർക്ക് ആശ്വാസമായി. കരാറിന്റെ ഭാഗമായി ഇതുവരെ 15,603 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കനേഡിയൻ വിപണിയിലെത്തിയിട്ടുണ്ട്.

ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ കുറവ്

അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതി കുത്തനെ ഉയർന്നപ്പോഴും ചൈനയിൽ നിന്നുള്ള കാനഡയുടെ ഇറക്കുമതിയിൽ 5.8 ശതമാനം കുറവ് രേഖപ്പെടുത്തി. വിയറ്റ്നാം ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് നിർമാണ മേഖല മാറുന്നതാണ് ഇറക്കുമതി കുറയാനുള്ള പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ആഗോള വ്യാപാരരംഗത്ത് വെല്ലുവിളികൾ തുടരുന്നുണ്ടെങ്കിലും, 2030ഓടെ ചൈനയിലേക്കുള്ള കയറ്റുമതി 50 ശതമാനം വർധിപ്പിക്കുകയെന്ന കാനഡയുടെ ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നാണ് 2026ന്റെ ആദ്യ പകുതിയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!